കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിക്കും ഭർത്താവിനും വലിയ തിരിച്ചടി. ഇരുവർക്കും നൽകിയിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി നീക്കി. ഇരുവരെയും നിലവിൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
പെൺകുട്ടിയും ഭർത്താവും കോടതിയിൽ നൽകിയിരുന്ന മേൽവിലാസത്തിലോ ഫോൺ നമ്പറിലോ നിലവിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇത്തരം ഒളിച്ചുകളികൾ പെൺകുട്ടിയുടെ പതിവ് രീതിയാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അടങ്ങിയ ബെഞ്ച് പോലീസ് സംരക്ഷണം പിൻവലിക്കാൻ ഉത്തരവിട്ടത്. ഇനി പെൺകുട്ടി നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്നും കോടതി പോലീസിനോട് നിർദ്ദേശിച്ചു.
ഫർമാന് മധ്യപ്രദേശ് കോടതിയിലും തിരിച്ചടി
കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യഹർജി മധ്യപ്രദേശിലെ മഹേശ്വറിലുള്ള പ്രത്യേക പോക്സോ (POCSO) കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും ഇവർക്ക് തിരിച്ചടിയേറ്റിരിക്കുന്നത്.
നേരത്തെ മധ്യപ്രദേശിൽ നിന്നും തങ്ങൾക്കെതിരെ ഭീഷണിയുണ്ടെന്ന് കാണിച്ച് കൊച്ചിയിൽ തുടരുകയായിരുന്ന ഫർമാനും പെൺകുട്ടിയും പോലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഇരുവരും ഇപ്പോൾ പോലീസിന്റെ നിരീക്ഷണത്തിൽ നിന്നും മാറി ഒളിവിൽ പോയതയാണ് സൂചന.






























