പാലക്കാട്: കുടുംബം തകർത്തത് അയൽക്കാരാണെന്ന അന്ധവിശ്വാസവും അതിന്റെ പേരിലുള്ള തീരാപ്പകയും ചേർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇല്ലാതാക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ കുറ്റക്കാരനാണെന്ന വിധി കേട്ടിട്ടും യാതൊരുവിധ കുറ്റബോധവുമില്ലാതെ, കടുത്ത അഹങ്കാരത്തോടെയായിരുന്നു പ്രതി ചെന്താമരയുടെ കോടതിയിലെ പെരുമാറ്റം.
“താൻ ഗാന്ധിജിയല്ലെന്നും കിട്ടിയാൽ ഇനിയും കൊടുക്കുമെന്നും വേണമെങ്കിൽ തൂക്കിക്കൊന്നോളൂ” എന്നുമായിരുന്നു കോടതിമുറിയിൽ ചെന്താമര വിളിച്ചുപറഞ്ഞത്. പ്രതിക്കുള്ള ശിക്ഷാവിധി കോടതി വരും ബുധനാഴ്ച പ്രഖ്യാപിക്കും.
തന്റെ കുടുംബം തകർത്തതും ഭാര്യ പിണങ്ങിപ്പോകാൻ കാരണമായതും അയൽവാസികളാണെന്ന ഉറച്ച അന്ധവിശ്വാസമാണ് ചെന്താമരയെ ഈ ക്രൂരകൃത്യങ്ങളിലേക്ക് നയിച്ചത്. ഈ പകയുടെ പുറത്താണ് 2019-ൽ അയൽവാസിയായ നെന്മാറ പോത്തുണ്ടി തിരുത്തമ്പടം കോളനിയിലെ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുന്നത്. ഈ കേസിൽ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി.
എന്നാൽ ജാമ്യത്തിലിറങ്ങിയിട്ടും പ്രതിയുടെ മനസ്സിലെ പക ഒടുങ്ങിയിരുന്നില്ല. തുടർന്ന് സജിതയുടെ ഭർത്താവ് സുധാകരൻ (56), ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര നിഷ്കരുണം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത, കേരളത്തെ ഒന്നടങ്കം നടുക്കിയ നെന്മാറ കൊലപാതക പരമ്പരയിൽ പ്രതിക്ക് കോടതി എന്ത് ശിക്ഷ നൽകുമെന്നാണ് ഇനി അറിയേണ്ടത്.































