സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്‍റെ ഫലമായി മഴ തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
നവംബർ 18 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 15 തീയതികളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദ്ദം രൂപപ്പെട്ട് നവംബർ 16 ഓടെ മധ്യബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ടാണ്.































