എടത്വ: പമ്പാനദിയുടെ ഓളപ്പരപ്പിൽ ആവേശം വിതറിയ പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട്ടിലെ ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ നൂറാം വാർഷികം ജൂലൈ 25-ന് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിക്കും.
രാവിലെ 11.00-ന് നടക്കുന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാർ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം മോൻസി സോണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജോർജ്ജ് ചുമ്മാർ മാലിയിൽ ആമുഖ സന്ദേശം നൽകും.
രാവിലെ 11.30-ന് നടക്കുന്ന സ്തോത്ര പ്രാർത്ഥനയ്ക്ക് സി.എസ്.ഐ. സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ നേതൃത്വം നൽകും. തലവടി സെന്റ് തോമസ് സി.എസ്.ഐ. ചർച്ച് വികാരി റവ. സോജി വർഗ്ഗീസ് ജോൺ അധ്യക്ഷത വഹിക്കും.
വർണ്ണാഭമായ ജലഘോഷയാത്രയും സാംസ്കാരിക സമ്മേളനവും
ഉച്ചയ്ക്ക് 12.30-ന് മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് ‘എ’ ഗ്രേഡ് വിഭാഗത്തിലുള്ള ‘ഷോട്ട് പുളിക്കത്ര’ കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങൾ അണിനിരക്കുന്ന വർണ്ണാഭമായ ജലഘോഷയാത്ര നടക്കും.
തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. റെജി ചെറിയാൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. പാണ്ടങ്കരി സെന്റ് ജോർജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ‘ഷോട്ട് പുളിക്കത്ര’ കളിവള്ളത്തിലുണ്ടായിരുന്ന ആദ്യകാല തുഴച്ചിൽക്കാരെ അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. ആദരിക്കും. കളിവള്ളത്തിന്റെ ശില്പി സാബു നാരായണനെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് പൊന്നാടയണിയിക്കും.
ചരിത്രപുരുഷന്റെ ഫോട്ടോ അനാച്ഛാദനവും അനുമോദനവും
എടത്വ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും 1926-ൽ പുളിക്കത്ര കളിവള്ളം ആദ്യം നീരണിയിച്ച വ്യക്തിയുമായ റിട്ട. കൃഷി ഇൻസ്പെക്ടർ എം.സി. ജോർജ് പുളിക്കത്രയുടെ ഫോട്ടോ എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി അനാച്ഛാദനം ചെയ്യും.
ചമ്പക്കുളം മൂലം ജലോത്സവത്തിൽ ഷോട്ട് പുളിക്കത്രയിൽ തുഴഞ്ഞ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് ഭാരവാഹികളെ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ അനുമോദിക്കും. നെഹ്റു ട്രോളി ജലമേളയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ആദം ജോർജ്ജ് ചുമ്മാറിനെ നെഹ്റു ട്രോഫി എക്സിക്യൂട്ടീവ് അംഗം കുമ്മനം അഷറഫ് ആദരിക്കും. ചടങ്ങിൽ ശതാബ്ദി സ്മരണിക കെ.ആർ.ബി.എ. മുൻ പ്രസിഡന്റ് അഡ്വ. ഉമ്മൻ എം. മാത്യൂ പ്രകാശനം ചെയ്യും.
ആഘോഷങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ജനറൽ കൺവീനർ റെജി എം. വർഗ്ഗീസ് എന്നിവർ അറിയിച്ചു.





























