ആലപ്പുഴ: ഈ വർഷത്തെ നെഹ്‌റുട്രോഫി വള്ളംകളി വിജയകരമായി നടത്തുന്നതുമായി ബന്ധപ്പെട്ട് നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ (എൻ.ടി.ബി.ആർ) നിർണായക യോഗം ശനിയാഴ്ച രാവിലെ 11-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ആഗസ്റ്റ് 22-നാണ് വിശ്വപ്രസിദ്ധമായ നെഹ്‌റുട്രോഫി വള്ളംകളി അരങ്ങേറുന്നത്.
ഇതിനു മുന്നോടിയായി രാവിലെ 10.30-ന് നെഹ്‌റുട്രോഫി ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ യോഗവും നടക്കും. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സ്പോൺസർമാരെ കണ്ടെത്തുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ തന്നെ മുന്നോട്ട്
കഴിഞ്ഞ വർഷം ചരിത്രത്തിലാദ്യമായി 6 കോടി രൂപയുടെ റെക്കോർഡ് വരുമാനമാണ് വള്ളംകളിയിലൂടെ ലഭിച്ചത്. ഇതിൽ 1.02 കോടി രൂപ മിച്ചം പിടിക്കാനും എൻ.ടി.ബി.ആറിന് സാധിച്ചിരുന്നു. ഇതേ ബജറ്റ് ഘടന നിലനിർത്തിക്കൊണ്ട് തന്നെ ഇക്കുറിയും മുന്നോട്ടുപോകാനാണ് സൊസൈറ്റിയുടെ തീരുമാനം.
ഇതിനായി ടൈറ്റിൽ സ്പോൺസർ അടക്കം ഒന്നിലധികം സ്പോൺസർമാരെ കണ്ടെത്താനുള്ള ചർച്ചകൾ ഇന്നത്തെ യോഗത്തിലുണ്ടാകും. സ്പോൺസർമാരെ ക്ഷണിക്കുന്നതിനുള്ള താൽപര്യപത്രവും (EoI) യോഗത്തിൽ പുറപ്പെടുവിക്കും. വള്ളംകളിയുടെ ബജറ്റ് കഴിഞ്ഞ യോഗത്തിൽ തന്നെ അവതരിപ്പിച്ചിരുന്നു.
മുഖ്യാതിഥി ആരാകും? തീരുമാനം ഇന്നറിയാം
വള്ളംകളി ഉദ്ഘാടന ചടങ്ങിലേക്ക് വിശിഷ്ടാതിഥികളെയും മുഖ്യാതിഥികളെയും കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ മുഖ്യാതിഥിയായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പങ്കാളിത്തം സംബന്ധിച്ചോ, അതല്ലെങ്കിൽ മറ്റ് വിശിഷ്ടാതിഥികൾ ആരായിരിക്കണം എന്ന കാര്യത്തിലോ ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.






























