ചേർത്തല: അതിർത്തികളും ആചാരങ്ങളും ഭേദിച്ച് സ്നേഹത്തിന്റെ പുതിയൊരു മാതൃക തീർത്തിരിക്കുകയാണ് ഒരു യങ് കപ്പിൾ. യുകെയിൽ ജോലി ചെയ്യുന്ന വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട യുവതിയും യുവാവും ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വരം ക്ഷേത്ര സന്നിധിയിൽ വെച്ച് വിവാഹിതരായി. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുദേവ വചനങ്ങളെ അന്വർത്ഥമാക്കുന്നതായിരുന്നു ഈ പ്രണയസാഫല്യം.
ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബാംഗമായ ചെല്ലാനം തറയിൽ പറമ്പിൽ നിധിൻജിത്തും യുകെ സ്വദേശിനി ലിൻ മരിയയുമാണ് ഒന്നിച്ച് ജീവിക്കാൻ കൈകോർത്തത്.
തുടക്കം കോളജ് മുറ്റത്ത് നിന്ന്, ഒടുവിൽ പ്രണയതീരത്തേക്ക്…
ഉന്നത പഠനത്തിനായി നിധിൻജിത്ത് യുകെയിലെ സൗത്ത് ഷീൽഡ്സിലെ കോളജ് മുറ്റത്ത് എത്തിയപ്പോഴാണ് ലിൻ മരിയയെ പരിചയപ്പെടുന്നത്. 2022-ൽ ഈ സൗഹൃദം പ്രണയമായി മാറി. നിധിൻജിത്ത് മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചതോടെ പലയിടങ്ങളിൽ വെച്ചുള്ള കൂടിക്കാഴ്ചകൾ ഇവരുടെ ബന്ധം കൂടുതൽ ദൃഢമാക്കി. കഴിഞ്ഞ വർഷം ലിൻ മരിയ കേരളത്തിലെത്തുകയും 20 ദിവസത്തോളം ചെല്ലാനത്ത് താമസിക്കുകയും ചെയ്തിരുന്നു. ഈ സന്ദർശനത്തിനിടയിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.
കേരളീയ തനിമയിൽ മംഗല്യം
വിവാഹം തികച്ചും കേരളീയ തനിമയിൽ വേണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. ഇതിനായി മേയ് 30-ന് ലിൻ മരിയയും ജൂൺ ആറിന് നിധിൻജിത്തും നാട്ടിലെത്തി. കുമ്പളങ്ങിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചുകൊണ്ട് വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തി.
കേരളത്തിന്റെ പരമ്പരാഗത രീതിയിലുള്ള സ്വര്‍ണത്തിന്റെ പാലക്കാമാലയും സെറ്റ് സാരിയുമാണ് ലിൻ മരിയ വിവാഹ വസ്ത്രമായി തിരഞ്ഞെടുത്തത്. ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനും മേക്കപ്പിനും ഇവരുടെ അടുത്ത സുഹൃത്തായ ജാസ്മിൻ ഒപ്പം നിന്നു.
വ്യാഴാഴ്ച രാവിലെ 10.30 ഓടെ കളവംകോടം ശക്തീശ്വരം ക്ഷേത്ര സന്നിധിയിൽ വെച്ച് നിധിൻജിത്ത് ലിൻ മരിയയുടെ കഴുത്തിൽ താലി ചാർത്തി. നെറ്റിയിൽ ചുവന്ന സിന്ദൂര രേഖയണിഞ്ഞ് ലിൻ മരിയ കേരളത്തിന്റെ മരുമകളായപ്പോൾ, മതത്തിന്റെയും ദേശത്തിന്റെയും പേരിലുള്ള വേർതിരിവുകൾക്ക് പ്രസക്തിയില്ലെന്നും സ്നേഹത്തിന് അതിരുകളില്ലെന്നും ഈ ദമ്പതികൾ തെളിയിച്ചു.






























