കൊച്ചി / കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജില്ലയിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കോടതി സ്വമേധയാ എടുത്ത കേസ് പ്രത്യേകം പട്ടികപ്പെടുത്തിയാണ് ഇന്ന് കോടതിയുടെ മുൻപാകെ വരുന്നത്. ദുരന്തത്തിന്റെ കാരണം,
നിലവിലെ സാഹചര്യം, പ്രദേശത്ത് നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ എന്നിവയാണ് കോടതി പ്രധാനമായും വിലയിരുത്തുക. വിഷയത്തിൽ സർക്കാർ ഇന്ന് വസ്തുതാ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ കോടതിയെ സഹായിക്കുന്നതിനായി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇന്ന് ഹാജരാകും.
അതേസമയം, കള്ളാടിയിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ നാലാം ദിവസമായ ഇന്നും തുടരുകയാണ്. കനത്ത പ്രതികൂല സാഹചര്യങ്ങളിലും സന്നദ്ധപ്രവർത്തകരും രക്ഷാസേനയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. ഇതോടെ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രദേശത്ത് കൂടുതൽ ഊർജ്ജിതമായ തെരച്ചിലിന് അധികൃതർ നേതൃത്വം നൽകുന്നത്.






























