കൊച്ചി: നഗരത്തിലെ മാളിന് സമീപം അർധരാത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി (CWC) ഔദ്യോഗികമായി ഏറ്റെടുത്തു. ദിവസങ്ങൾക്ക് മുമ്പ് മരട് ഫോറം മാളിന് സമീപമുള്ള തട്ടുകടയോട് ചേർന്ന് കണ്ടെത്തിയ ആൺകുഞ്ഞിനെയാണ് തുടർനടപടികൾക്കായി ഏറ്റെടുത്തത്. എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ചുനടന്ന ചടങ്ങിൽ കുഞ്ഞിനെ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിക്ക് കൈമാറി.
ഉപേക്ഷിക്കപ്പെടുമ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (NICU) വിദഗ്ധ ചികിത്സയിലായിരുന്നു. നിലവിൽ കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞ് ഡിസ്ചാർജിന് സജ്ജനായതായി ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ടും പീഡിയാട്രിക് വിഭാഗം മേധാവിയും വ്യക്തമാക്കിയതോടെയാണ് സർക്കാർ നിർദേശപ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചേർന്ന് കുഞ്ഞിനെ ഔദ്യോഗികമായി ഏറ്റുവാങ്ങിയത്.
ചടങ്ങിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി, ജിൻസിമോൾ കുര്യൻ, വി.കെ. സന്ധ്യ എന്നിവരും DCP-യു ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ ഷാനോ ജോസ്, സ്റ്റേസി മാഞ്ഞൂരാൻ എന്നിവരും പങ്കെടുത്തു. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എൻ. സതീഷ്, പീഡിയാട്രിക് വിഭാഗം എച്ച്.ഒ.ഡി ഡോ. വിനീത എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.






























