കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച 16-കാരൻ ജുവിൻ രാജുവിന്റെ ഹൃദയവുമായി കണ്ണൂർ സ്വദേശി അശ്വന്ത് ചന്ദ്രൻ (24) ആശുപത്രി വിട്ടു. എറണാകുളം ലിസി ആശുപത്രിയിൽ വിജയകരമായി നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് രണ്ടാഴ്ചയ്ക്ക് ശേഷം അശ്വന്ത് പൂർണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങിയത്.
കണ്ണൂർ കുറ്റൂർ സ്വദേശികളായ ചന്ദ്രശേഖരൻ-റീന ദമ്പതികളുടെ മകനായ അശ്വന്ത് ജന്മനാ തന്നെ ഗുരുതരമായ ഹൃദ്രോഗബാധിതനായിരുന്നു. ഹൃദയത്തിന്റെ താഴെയുള്ള രണ്ട് അറകളും കൂടിച്ചേർന്ന് ഒന്നായ അവസ്ഥയിലായിരുന്ന അശ്വന്തിനെ രണ്ടാം വയസ്സിൽ തന്നെ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ഹൃദയം മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ അടുത്തെത്തുന്നത്. മുൻപ് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ജന്മനായുള്ള രോഗാവസ്ഥ മൂലവും ഈ മാറ്റിവെക്കൽ ശസ്ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
ഗ്രീൻ കോറിഡോറിലൂടെയെത്തിയ പുതുജീവൻ
തുടർ പരിശോധനകൾക്ക് ശേഷം ഒരു മാസം മുമ്പാണ് അശ്വന്തിനെ കെ-സോട്ടോയിൽ (K-SOTO) രജിസ്റ്റർ ചെയ്തത്. ജൂൺ 23-ന് രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച ജുവിൻ രാജുവിന്റെ കുടുംബം അവയവദാനത്തിന് തയ്യാറായതോടെ കെ-സോട്ടോയിൽ നിന്ന് സന്ദേശമെത്തി. ഉടൻ തന്നെ മെഡിക്കൽ സംഘം രാജഗിരി ആശുപത്രിയിലെത്തി ഹൃദയവുമായി രാത്രി 11:30 ഓടെ പുറപ്പെട്ടു. കൊച്ചി സിറ്റി, ആലുവ റൂറൽ പോലീസ് സേനകളുടെ തക്കസമയത്തുള്ള സഹായത്തോടെ കേവലം 20 മിനിറ്റ് കൊണ്ട് ഗ്രീൻ കോറിഡോറിലൂടെ ഹൃദയം ലിസി ആശുപത്രിയിൽ എത്തിക്കുകയും ശസ്ത്രക്രിയ ആരംഭിക്കുകയുമായിരുന്നു.
അശ്വന്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. ഡോക്ടർമാരായ സാജൻ കോശി, അനിൽ എസ്. ആർ, ജേക്കബ് എബ്രഹാം, റോണി മാത്യു, ഭാസ്കർ രംഗനാഥൻ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും നേതൃത്വം നൽകിയത്.
ലിസി ആശുപത്രി എം.ഡി ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് ആശുപത്രി അധികൃതർ അശ്വന്തിനെ യാത്രയാക്കിയത്. തനിക്ക് പുതുജീവൻ നൽകിയ ജുവിന്റെ കുടുംബത്തോട് അശ്വന്ത് കണ്ണീരോടെ നന്ദി രേഖപ്പെടുത്തി.






























