വാഷിങ്‌ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ കടുത്ത സൈനിക മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നെ വധിക്കാനുള്ള ഏതൊരു ശ്രമത്തിനും ശക്തമായ സൈനിക തിരിച്ചടിയുണ്ടാകുമെന്നും, ഇതിനായി ഇറാനെ ലക്ഷ്യമിട്ട് 1,000 മിസൈലുകൾ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് കടുത്ത ഭാഷയിൽ ടെഹ്റാന് മുന്നറിയിപ്പ് നൽകിയത്. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഇറാൻ പ്രവർത്തിച്ചാൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തും. അതിനായി യുഎസ് സൈനിക ഉത്തരവുകൾ മുൻകൂട്ടി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തെ കാലാവധിക്കുള്ളിൽ ഇറാന്റെ എല്ലാ പ്രദേശങ്ങളെയും പൂർണ്ണമായി തകർക്കാനും നശിപ്പിക്കാനും യുഎസ് സൈന്യം സജ്ജവും പ്രാപ്തവുമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഹോർമുസ് തുറക്കാൻ 24 മണിക്കൂർ അന്ത്യശാസനം
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ടോൾ ഈടാക്കാതെ കപ്പൽ ഗതാഗതത്തിനായി എല്ലാ പാതകളും 24 മണിക്കൂറിനുള്ളിൽ തുറന്നിടണമെന്നും അമേരിക്ക ഇറാന് അന്ത്യശാസനം നൽകി. ഇക്കാര്യം ഇറാൻ പരസ്യമായി പ്രഖ്യാപിക്കണം. വിസമ്മതിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരിട്ടും പ്രാദേശിക മധ്യസ്ഥർ വഴിയും ഈ സന്ദേശം അമേരിക്ക ഇറാന് കൈമാറിയിട്ടുണ്ട്.
ആഗോള എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുനൽകാൻ ഇറാൻ വിസമ്മതിച്ചതാണ് നിലവിലെ സംഘർഷത്തിന് കാരണം. കഴിഞ്ഞ ദിവസം ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വാണിജ്യ ടാങ്കറുകൾക്ക് നേരെ ഹോർമുസിൽ വച്ച് ആക്രമണം നടന്നിരുന്നു. ഇതിന് മറുപടിയായി അമേരിക്ക പ്രത്യാക്രമണം നടത്തുകയും, തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്.
പകരം ചോദിക്കുമെന്ന് മുജ്‌തബ ഖമനേയി
അമേരിക്കയുടെ ഭീഷണികൾക്കിടയിലും കടുത്ത നിലപാടുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്‌തബ ഖമനേയി രംഗത്തെത്തി. തന്റെ മുൻഗാമിയും പിതാവുമായ ആയത്തുള്ള അലി ഖമനേയിയുടെ രക്തസാക്ഷിത്വത്തിന് തീർച്ചയായും പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖമനേയിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും അത് നടപ്പിലാക്കുമെന്നും ഒദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശത്തിൽ മുജ്‌തബ പറഞ്ഞു.
ഈ മാസം എട്ടിന് ജന്മദേശമായ മശ്ഹദിലെ ഇമാം റിസാ കുടീരത്തിൽ അലി ഖമനേയിയുടെ ഭൗതികശരീരം സംസ്കരിച്ചതിന് പിന്നാലെയാണ് മുജ്‌തബയുടെ പ്രതികരണം പുറത്തുവന്നത്. കടുത്ത സുരക്ഷാ ഭീഷണിയുള്ളതിനാൽ മുജ്‌തബ സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. അതേസമയം, ചടങ്ങിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.






























