മണിമല: നിയന്ത്രണംവിട്ട ആംബുലൻസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്ക്. ഇന്ന് (ബുധൻ) ഉച്ചയോടെ മണിമല മാർക്കറ്റ് ജംക്ഷന് സമീപമുള്ള പള്ളിപ്പടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു അപകടം.
എരുമേലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട വാഹനം കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിന്നിരുന്ന ഒരാൾക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
അപകടസമയത്ത് രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ് ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നത്. ഭാഗ്യവശാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് ഉടൻ തന്നെ മണിമല പോലീസും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ബന്ധുക്കളെയും ഉടൻ തന്നെ മറ്റൊരു ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് പറ്റിയവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.






























