കൊച്ചി: അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി സമീപത്തെ കെട്ടിടത്തിലേക്ക് ചരിഞ്ഞ ഇരുനില കെട്ടിടം ഇന്ന് പൊളിച്ചു തുടങ്ങും. രാവിലെ ഒമ്പതരയോടെ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പൊളിക്കൽ നടപടികൾ ആരംഭിക്കുക. സമീപത്തെ കെട്ടിടങ്ങൾക്ക് യാതൊരുവിധ അപകടവും ഉണ്ടാകാത്ത രീതിയിൽ സുരക്ഷിതമായി പൊളിച്ചുനീക്കാനാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.
വ്യാഴാഴ്ച മേയർ വി.കെ. മിനിമോളിന്റെ നേതൃത്വത്തിലുള്ള സംഘവും, കെട്ടിടം ഉയർത്താൻ കരാറെടുത്തിരുന്ന ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ പ്രതിനിധികളും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
എൻസൈൻ കെട്ടിടത്തിന് നോട്ടീസ്; ബാങ്ക് പ്രതിസന്ധിയിൽ
അപകട ഭീഷണിയെത്തുടർന്ന് സമീപത്തെ ‘എൻസൈൻ’ കെട്ടിടത്തിലുള്ളവരോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങളാണ് എൻസൈൻ ബിൽഡിങ്ങിൽ നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ, ലോക്കർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉള്ളതിനാൽ പെട്ടെന്ന് ഒഴിഞ്ഞുമാറുന്നതിലെ ബുദ്ധിമുട്ട് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, സ്വന്തം കെട്ടിടത്തിന് നിലവിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും, ചരിഞ്ഞുനിൽക്കുന്ന കെട്ടിടം പൂർണ്ണമായി പൊളിച്ചുമാറ്റിയാൽ മാത്രമേ അറ്റകുറ്റപ്പണികൾ നടത്താനാകൂ എന്നും എൻസൈൻ കെട്ടിട ഉടമ വ്യക്തമാക്കി.
അപകട കാരണം
ചൊവ്വാഴ്ച വൈകിട്ടാണ് അപകടത്തിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം എം.ജി. റോഡിൽ വുഡ്ലാൻഡ്സ് ജങ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടം, മഴക്കാലത്ത് താഴത്തെ നിലയിൽ വെള്ളം കയറുന്നത് ഒഴിവാക്കാനായി നാലടിയോളം ഉയർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ ജാക്കി തെന്നിമാറുകയും കെട്ടിടം തൊട്ടടുത്തുള്ള എൻസൈൻ ബിൽഡിങ്ങിലേക്ക് ചരിഞ്ഞു വീഴുകയുമായിരുന്നു.
താഴത്തെ നില ഭാഗികമായി തകർന്ന കെട്ടിടത്തിന്റെ ബലക്ഷയവും, സമീപത്തെ കെട്ടിടങ്ങൾക്കും ജനങ്ങൾക്കുമുള്ള അപകടഭീഷണിയും കണക്കിലെടുത്താണ് അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.






























