കൊച്ചി: വിജിലൻസ് കേസുകളിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ അധികാരം സർക്കാരിനാണെങ്കിലും, അത് സ്വേച്ഛാപരവും തെറ്റായതുമായ തീരുമാനമാണെങ്കിൽ റദ്ദാക്കാൻ മടിക്കില്ലെന്ന് ഹൈക്കോടതി വ്യക്തതമാക്കി. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ തുടർച്ചയായി നിഷേധിച്ചതിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.
സർക്കാർ രേഖകൾ കൃത്യമായി പരിശോധിച്ച് വേണം നടപടിയെടുക്കാൻ. അല്ലാതെ സ്വേച്ഛാപരമായ തീരുമാനമാണ് കൈക്കൊള്ളുന്നതെങ്കിൽ, അത്തരം ഉത്തരവുകൾ ആയിരം തവണ പാസാക്കിയാലും കോടതി അത് റദ്ദാക്കുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.
കോടതി നിലപാട് കടുപ്പിച്ചതിനെ തുടർന്ന് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ ഒടുവിൽ തയ്യാറായിട്ടുണ്ട്. എങ്കിലും വിഷയം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. മുൻ ഉത്തരവിൽ കോടതിയെ കുറ്റപ്പെടുത്തിയുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയ വ്യവസായ സെക്രട്ടറി കെ. ബിജുവിന്റെ മാപ്പപേക്ഷ സ്വീകരിക്കണമോ എന്ന കാര്യത്തിൽ കോടതി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കും. 17 വർഷത്തോളം പ്രവൃത്തിപരിചയമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ കോടതിയെ കുറ്റപ്പെടുത്തി ഉത്തരവിറക്കിയത് ഗൗരവതരമാണ്. ഈ ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് മനസ്സിലാക്കാൻ ഒടുവിൽ അഡ്വക്കേറ്റ് ജനറൽ തന്നെ ഇടപെടേണ്ടി വന്നതായും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിലവിലെ ഉത്തരവിൽ ചില പോരായ്മകളുണ്ടെന്നും അത് ലഭിച്ച ശേഷം ചൂണ്ടിക്കാണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന്, പ്രോസിക്യൂഷൻ അനുമതി ഉത്തരവ് അടിയന്തരമായി ഇന്നലെത്തന്നെ സി.ബി.ഐക്ക് കൈമാറാൻ നിർദേശിച്ച കോടതി, ഹർജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.
പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരാണ് ഈ സി.ബി.ഐ കേട്ടിലെ പ്രധാന പ്രതികൾ. 2006-2015 കാലഘട്ടത്തിൽ നടന്ന അസംസ്കൃത കശുവണ്ടി ഇറക്കുമതിയിൽ 80 കോടി രൂപയുടെ ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

































