കൊച്ചി: റിട്ട. ഹൈക്കോടതി ജഡ്ജിയും മുൻ തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാനുമായിരുന്ന ജസ്റ്റിസ് ആർ. ഭാസ്കരൻ (82) അന്തരിച്ചു. കലൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ചർച്ച് റോഡ് ‘ശ്രീകൃഷ്ണ കൃപ’യിൽ രായ് രോത്ത് രാമൻ നായരുടെ മകനാണ്. വടകര വള്ളിയാട് രായ് രോത്ത് കുടുംബാംഗമാണ്.
1996 മുതൽ ആറ് വർഷക്കാലം അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം തിരുവനന്തപുരം, കൊച്ചി ദേവസ്വം ഓംബുഡ്സ്മാനായും മികച്ച രീതിയിൽ അദ്ദേഹം പ്രവർത്തിച്ചു.
നിയമരംഗത്തും പൊതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി തർക്കപരിഹാര കേസുകളിൽ ആർബിട്രേറ്ററായും നിരീക്ഷകനായും ചുമതലകൾ വഹിച്ചിട്ടുണ്ട്. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ഹൈക്കോടതി അദ്ദേഹത്തെ നിരീക്ഷകനായി നിയോഗിച്ചിരുന്നു. വഴിത്തിരിവായ പല കേസുകളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ് ജസ്റ്റിസ് ആർ. ഭാസ്കരൻ.






























