ദുബായ്/ടെഹ്റാൻ: യുഎസ്-ഇറാൻ സംഘർഷം കടുത്തതിനെ തുടർന്ന് ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന ജലപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ വൻ ഇടിവ്. കെപ്ളർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ചൊവ്വാഴ്ച 13 കപ്പലുകൾ കടന്നുപോയ സ്ഥാനത്ത് ബുധനാഴ്ച (ജൂലൈ 15) വെറും ഏഴ് കപ്പലുകൾ മാത്രമാണ് ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ചത്.
മുമ്പ് വെടിനിർത്തൽ നിലനിന്നിരുന്ന കാലയളവിൽ പ്രതിദിനം 70 മുതൽ 80 വരെ കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്താണിത്. ഫെബ്രുവരി 28-ന് ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് പ്രതിദിനം ശരാശരി 110 മുതൽ 160 വരെ കപ്പലുകളായിരുന്നു ഈ വഴി കടന്നുപോയിരുന്നത്. ലോകത്തിലെ ആകെ എണ്ണ, വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് ജലപാതയിലൂടെയായതിനാൽ, ഇവിടെയുണ്ടാകുന്ന ഗതാഗത തടസം കടുത്ത ആഗോള ഊർജ പ്രതിസന്ധിക്ക് കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
ഗതാഗതം തടസപ്പെട്ടതോടെ ഇറാഖ്, കുവൈറ്റ്, ഖത്തർ തുടങ്ങിയ പ്രമുഖ ഊർജ ഉത്പാദക രാജ്യങ്ങൾ ആഗോള വിപണികളിൽ നിന്ന് ഏതാണ്ട് പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വീണ്ടും ഉയർന്നു തുടങ്ങി. തുടർച്ചയായ നാലാം ദിവസവും മുന്നേറ്റം തുടർന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച 0.4 ശതമാനം വർധിച്ച് ബാരലിന് 85.28 ഡോളർ എന്ന നിലയിലെത്തി.
തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി അമേരിക്കയും ഇറാനും പരസ്പരം ശക്തമായ ആക്രമണങ്ങളാണ് നടത്തിവരുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്താനുള്ള ഇറാന്റെ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ ഇറാന്റെ കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തുന്നത്.
അതേസമയം, അമേരിക്ക നടത്തിയത് ‘ക്രൂരമായ ആക്രമണം’ ആണെന്ന് ഇറാൻ ആരോപിച്ചു. ഇറാന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുണ്ടായ യുഎസ് ആക്രമണങ്ങളെത്തുടർന്ന് അവിടുത്തെ ഒരു കാൻസർ ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കേണ്ടി വന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായി വ്യക്തമാക്കി. കീമോതെറാപ്പിക്ക് വിധേയരായിരുന്ന 211 രോഗികളെയാണ് അടിയന്തിരമായി മാറ്റേണ്ടി വന്നത്. സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് അമേരിക്കയെ കുറ്റപ്പെടുത്തിയ ഇറാൻ, തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെ വാഷിങ്ടൺ ആക്രമണം തുടർന്നാൽ മേഖലയിലെ അമേരിക്കൻ താവളങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.

































