ന്യൂഡൽഹി: മലയാളിക്ക് ഓണസമ്മാനമായി കേരളത്തിലേക്ക് നൂറിലധികം പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ഈ തീരുമാനം. ട്രെയിനുകളുടെ റൂട്ടുകൾ ഉടൻ തന്നെ നിശ്ചയിക്കുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഓണത്തിന് പുറമെ ഒഡീഷയിലെ പ്രശസ്തമായ ജഗന്നാഥ രഥയാത്രയോടനുബന്ധിച്ച് മുന്നൂറിലധികം പ്രത്യേക ട്രെയിനുകൾ ഒഡീഷയ്ക്കും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെ ഭുവനേശ്വറിലെ റെയിൽ സദനിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നന്ദേഡ്-മുംബൈ, തനക്പൂർ-നന്ദേഡ് എക്സ്പ്രസ് ട്രെയിനുകൾ കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. കൂടാതെ, തനക്പൂർ-പിലിഭിത്ത് ട്രെയിൻ സർവീസ് ഷാജഹാൻപൂർ വരെ നീട്ടുന്നതിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഇതിന് പിന്നാലെ നടത്തിയ പ്രഖ്യാപനത്തിലാണ് കേരളത്തിനും ഒഡീഷയ്ക്കും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച കാര്യം മന്ത്രി വ്യക്തമാക്കിയത്.
നാട്ടിലേക്ക് വരാൻ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നതാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ പുതിയ പ്രഖ്യാപനം. വരും ദിവസങ്ങളിൽ തന്നെ സ്പെഷ്യൽ ട്രെയിനുകളുടെ സമയവിവരങ്ങളും റൂട്ടുകളും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.






























