ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) 2025-26 സാമ്പത്തിക വർഷത്തെ വാർഷിക പലിശ തുക അംഗങ്ങളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. ഏകദേശം 34 കോടിയോളം വരുന്ന പി.എഫ് വരിക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
8.25 ശതമാനമാണ് ഇത്തവണത്തെ പലിശ നിരക്ക്. ഈ മാസം 15-ാം തീയതിയോടെ തന്നെ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്. ഇ.പി.എഫ്.ഒ. സംവിധാനങ്ങൾ കേന്ദ്രീകരിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ പലിശ ക്രെഡിറ്റ് ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇ.പി.എഫ്.ഒ നടപ്പാക്കിയ പുതിയ 2.01 സി.ഐ.സി.ഇ.എസ്. (കേന്ദ്രീകൃത ഐ.ടി. അധിഷ്ഠിത സേവനങ്ങൾ) വഴി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അംഗങ്ങൾക്ക് തങ്ങളുടെ പി.എഫ് ബാലൻസും പലിശയും ഇ.പി.എഫ്.ഒ മെമ്പർ സേവ പോർട്ടൽ, ഉമാങ് (UMANG) ആപ്പ്, എസ്.എം.എസ് എന്നിവ വഴി എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്. വിവരങ്ങൾ അറിയാനുള്ള വഴികൾ താഴെ നൽകുന്നു:
1. ഇ-സേവ പോർട്ടൽ വഴി എങ്ങനെ പരിശോധിക്കാം?
- ഇ.പി.എഫ്.ഒ-യുടെ ഔദ്യോഗിക പാസ്ബുക്ക് പോർട്ടൽ സന്ദർശിക്കുക.
- നിങ്ങളുടെ 12 അക്ക യു.എ.എൻ (UAN), പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- തുടർന്ന് നിങ്ങളുടെ ആധാർ ബന്ധിത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി (OTP) രേഖപ്പെടുത്തുക.
- ലോഗിൻ ചെയ്ത ശേഷം പാസ്ബുക്ക് കാണുന്നതിനായി അതാത് മെമ്പർ ഐഡി (കമ്പനി ഐഡി) തിരഞ്ഞെടുക്കാവുന്നതാണ്.
2. ഉമാങ് (UMANG) ആപ്പ് വഴി
- ഫോണിന്റെ ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ‘UMANG’ ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ആപ്പ് തുറന്ന് ഗവൺമെന്റ് സർവീസ് പ്രൊവൈഡർമാരുടെ പട്ടികയിൽ നിന്ന് ‘EPFO’ എന്ന് തിരയുക.
- ഇതിൽ ‘എംപ്ലോയി സെൻട്രിക് സർവീസസ്’ (Employee Centric Services) ക്ലിക്ക് ചെയ്ത് ‘വ്യൂ പാസ്ബുക്ക്’ (View Passbook) തിരഞ്ഞെടുക്കുക.
- നിങ്ങളുടെ യു.എ.എൻ (UAN) രേഖപ്പെടുത്തിയ ശേഷം ‘ഗെറ്റ് ഒ.ടി.പി’ (Get OTP) ക്ലിക്ക് ചെയ്യുക.
- മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി രേഖപ്പെടുത്തി ലോഗിൻ ചെയ്യുന്നതിലൂടെ പുതുക്കിയ ബാലൻസ് കാണാൻ സാധിക്കും.
3. എസ്.എം.എസ് (SMS) വഴി
- ഇ.പി.എഫ്.ഒ-യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് EPFOHO എന്ന് ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് അയക്കുക. തുക സംബന്ധിച്ച വിവരങ്ങൾ എസ്.എം.എസ് ആയി തിരികെ ലഭിക്കും.

































