ഭോപ്പാൽ: മധ്യപ്രദേശിൽ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 50കാരനെ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ 14 ഗോരക്ഷാ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് വിധിച്ച വനിതാ ജഡ്ജിക്ക് നേരെ ക്രൂരമായ വധഭീഷണിയും സൈബർ ആക്രമണവും. മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായ തബാസും ഖാനെതിരെയാണ് വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയർന്നിട്ടുള്ളത്. സംഭവത്തെ തുടർന്ന് ജഡ്ജിക്ക് പൊലീസ് സംരക്ഷണം ശക്തമാക്കി.
2022-ൽ നടന്ന ആൾക്കൂട്ട കൊലപാതകക്കേസിൽ കഴിഞ്ഞ ജൂൺ 12-നാണ് ജഡ്ജി തബാസും ഖാൻ ശിക്ഷ പ്രഖ്യാപിച്ചത്. ട്രക്ക് ഡ്രൈവറായ നാസിർ അഹമ്മദ് എന്ന 50കാരനെയാണ് കന്നുകാലി കടത്ത് ആരോപിച്ച് പ്രതികൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. നാസിർ അഹമ്മദിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും ഇവർ ജീവനോടെ രക്ഷപ്പെട്ടിരുന്നു. കേസിൽ ഇവർ കോടതിയിൽ നൽകിയ ദൃക്സാക്ഷി മൊഴികളാണ് പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ നിർണായകമായത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, നടന്നിട്ടുള്ളത് ക്രൂരമായ ആൾക്കൂട്ട മർദ്ദനമാണെന്ന് വ്യക്തമാക്കിയാണ് ജഡ്ജി ശിക്ഷ വിധിച്ചത്.
വർഗീയ പരാമർശങ്ങളോടെ സൈബർ ആക്രമണം; രാജ്യവ്യാപക അക്രമ ഭീഷണി
ശിക്ഷാ പ്രഖ്യാപനത്തിന് പിന്നാലെ, മുസ്ലിം വിഭാഗത്തിൽ നിന്നുള്ള വനിതാ ജഡ്ജിക്കെതിരെ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ രൂക്ഷമായ സൈബർ ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു. ജഡ്ജിയുടെ തീരുമാനം കുറ്റകൃത്യത്തിന്റെ ഗൌരവം പരിഗണിച്ചല്ലെന്നും, കുറ്റാരോപിതരുടെ മതം നോക്കിയാണെന്നുമാണ് ഈ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ജഡ്ജിക്ക് നേരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉണ്ടായത്.
ശിക്ഷിക്കപ്പെട്ട ഗോരക്ഷാ പ്രവർത്തകരെ ഉടൻ വിട്ടയച്ചില്ലെങ്കിൽ രാജ്യവ്യാപകമായി അക്രമം അഴിച്ചുവിടുമെന്നാണ് ഭീഷണി സന്ദേശങ്ങളിലുള്ളത്. സോഷ്യൽ മീഡിയയിൽ ഇത്തരം വർഗീയ പ്രചാരണങ്ങൾക്ക് വലിയ രീതിയിലുള്ള പിന്തുണ ലഭിക്കുന്നത് ആഭ്യന്തര വകുപ്പിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആശങ്കപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ ജൂൺ 12-ന് വിധി വന്ന ദിവസം തന്നെ, പശുക്കളെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് തങ്ങൾക്ക് ശിക്ഷ ലഭിച്ചതെന്ന് ആരോപിച്ച് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയ വാഹനം കോടതി വളപ്പിൽ തടയുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് തുടർച്ചയായി പഞ്ചാബിൽ ജഡ്ജിയുടെ കോലം കത്തിച്ചും പ്രതിഷേധങ്ങൾ നടന്നു. ജഡ്ജിക്ക് നേരെയുള്ള ഭീഷണി ശക്തമായ സാഹചര്യത്തിലാണ് കോടതി ഇടപെട്ട് അവർക്ക് പ്രത്യേക പൊലീസ് സുരക്ഷ ഉറപ്പാക്കിയത്.































