സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യമേഖലയിൽ നിയമന നിരോധനം. ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാതെ വൻപ്രതിസന്ധി നേരിടുമ്പോഴും അസിസ്റ്റൻ്റ് സർജൻ തസ്തികളിലേക്കുള്ള പി.എസ്.സി. പട്ടികയിൽ ആവശ്യത്തിനുള്ളവരെപ്പോലും ഉൾപ്പെടുത്തിയിട്ടില്ല. അസിസ്റ്റന്റ്റ് സർജൻ തസ്തികയിലേക്കു (കാറ്റഗറി നമ്പർ 002/2023) 2023 ഓഗസ്റ്റ് 24 നു എഴുത്തു പരീക്ഷ നടത്തിയിരുന്നു. ഏപ്രിൽ മൂന്നിനു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. എന്നാൽ ഈ തസ്തികയിലേക്ക് ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ഷോർട്ലിസ്റ്റിൽ 1,800 പേരെ മാത്രമേ ഉൾപെടുത്തിയിട്ടുള്ളു. 900 ഉദ്യോഗാർഥികൾ മാത്രമാണ് മെയ്ൻലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ലിസ്റ്റിൽ 5000 ത്തിൽ പരം ഉദ്യോഗാർഥികളെ ഉൾപെടുത്തിയിരുന്നു. അതിനു മുമ്പുള്ള ലിസ്റ്റിൽ 8,000 ത്തിൽ പരം ഉദ്യോഗാർഥികളും.
ആരോഗ്യ വകുപ്പിലെ ഈ തസ്തികകളിലെ ഒഴിവുകളും വരാനിരിക്കുന്ന ഒഴിവുകളും താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ പട്ടിക അപര്യാപ്തമാണ്. വർഷങ്ങളായി ഈ തസ്തികയിലേക്കുള്ള നിയമനത്തിനായി തയാറെടുക്കുന്ന, ഇനി അവസരമില്ലാത്ത ഉദ്യോഗാർഥികളുടെ സാധ്യത കൂടി ഇതോടെ നഷ്ടപ്പെടുകയാണ്. നിയമനം ലഭിച്ച അനേകം ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കാതിരിക്കുകയും ഒഴിവുകൾ താരതമ്യേനെ കൂടുതലുള്ളതുമായ മെഡിക്കൽ ഓഫീസേഴ്സിൻ്റെ റാങ്കലിസ്റ്റ് ആണ് ഇ്രതയും നിരുത്തരവാദപരമായി ചുരുക്കപ്പെട്ടത്. ഇതിനെതിരേ പി. എസ്. സി ചെയർമാൻ ഉൾപ്പെടെയുള്ളവരെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.ആരോഗ്യ മേഖലയിലെ ആവശ്യം പരിഗണിച്ചു കട്ട് ഓഫ് മാർക്കു താഴ്ത്തി പരമാവധി ഉദ്യോഗാർഥികളെ ഉൾപെടുത്തി പട്ടിക വിപുലീകരിക്കണം എന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഭിന്നശേഷി കാറ്റഗറിയിൽ വളരെ കുറച്ചുപേരെ മാത്രമാണ് സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപെടുത്തിയിരിക്കുന്നതെന്നും പരാതിയുണ്ട്.

































