രാഷ്ട്രീയ ലേഖകൻ
സംസ്ഥാനത്ത് മൂന്നു മുന്നണികളും ശക്തമാകുന്ന പ്രചരണ തന്ത്രങ്ങളാണ് നടത്തുന്നത്. കവല യോഗങ്ങളും കുടുംബയോഗങ്ങളും പഞ്ചായത്ത് അടിസ്ഥാനത്തിലും വാർഡ് തലത്തിലും നടത്തുന്നു. കൊടും ചൂടിനെ വകവെക്കാതെ സ്ഥാനാർത്ഥികൾ വിവിധ നിയോജക മണ്ഡലങ്ങളിലായി പ്രചരണങ്ങൾ നടത്തുന്നു. മൂന്നു മുന്നണികളും വ്യത്യസ്ത രീതിയിലുള്ള വിഷയങ്ങളാണ് ജനങ്ങൾ മുമ്പാകെ അവതരിപ്പിക്കുന്നത്.ഐക്യ ജനാധിപത്യ മുന്നണി ഇടത് സർക്കാരിന്റെ അഴിമതിയും ജനാധിപത്യ വിരുദ്ധ നിലപാടുകളും ബാങ്ക് കൊള്ളയും ജനങ്ങൾ മുമ്പാകെ അവതരിപ്പിക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചാൽ ഗുണം ബിജെപിക്കാണെന്നും പിന്നീട് ഇവർ ബിജെപിയിലേക്ക് പോകുമെന്നുമാണ് ജനങ്ങൾക്കിടയിൽ പ്രചരണം നടത്തുന്നത്. എൻഡിഎ മുന്നണി യുഡിഎഫും എൽഡിഎഫും ഒരു തൂവൽ പക്ഷികളാണെന്നും ഒരു മുന്നണിയിൽ നിന്നുകൊണ്ട് പരസ്പരം പോരാടി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പറയുന്നു.

യുഡിഎഫും എൽഡിഎഫും കേന്ദ്രസർക്കാരിനെതിരെ പൗരത്വ നിയമഭേദഗതിയും മണിപ്പൂർ വിഷയവുമാണ് പ്രചാരണ ആയുധമാക്കിയിരിക്കുന്നത്, എന്നാൽ പ്രാദേശിക തലത്തിൽ വീടുകൾ കയറി പ്രവർത്തിക്കുവാൻ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രവർത്തകർ ഇല്ലാത്തത് മുന്നണികളെ ആകെ ബുദ്ധിമുട്ടിക്കുന്നുണ്ട്.വീടുകൾ കയറി സ്ഥാനാർത്ഥികളുടെ അഭ്യർത്ഥനയും പ്രസ്താവനയും കൊടുക്കാൻ പോലും വേണ്ടത്ര പ്രവർത്തകർ ഇല്ലെന്നുള്ളതാണ് സത്യം. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പഴയത് പോലെ വേണ്ടത്ര പ്രചരണങ്ങൾ നടക്കുന്നില്ല.

രണ്ടാംഘട്ട പ്രചാരണത്തിലേക്ക് മുന്നണികള്‍ കടന്നതോടെ കേന്ദ്രനേതാക്കളുടെ വരവിനൊരുങ്ങി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗം.പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു ജില്ലകളില്‍ വീണ്ടും പ്രചാരണത്തിനെത്തും. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ ഇറക്കി കോണ്‍ഗ്രസും യച്ചൂരി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെ കൊണ്ടുവന്ന് സിപിഎമ്മും കളംനിറയ്ക്കും.പത്തനംതിട്ടയിലാണ് ഇത്തവണ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് മുന്നേയെത്തിയത് രണ്ടു തവണ തൃശ്ശൂരും ഒരിക്കല്‍ തിരുവനന്തപുരത്തുമാണ്. വരുന്ന പതിനഞ്ചിനാണ് അഞ്ചാം വരവ്. കുന്നംകുളവും ആറ്റിങ്ങലുമാകും വേദികള്‍.തൃശ്ശൂര്‍, ആലത്തൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കായാവും നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥന.ആരോഗ്യ പ്രശ്നങ്ങളാല്‍ നിശ്ചയിച്ച തീയതിക്ക് വരാന്‍ കഴിയാതിരുന്ന അമിത്ഷാ ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് എത്തും.വയനാട്ടില്‍ കെ. സുരേന്ദ്രന് വേണ്ടിയായിരിക്കും കൂടുതല്‍ ബിജെപി കേന്ദ്ര നേതാക്കളെത്തുക.
പത്രികാ സമർപ്പണം കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് ഒപ്പമായിരുന്നു. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുകയെന്ന ലക്ഷ്യവുമായിട്ടായിരിക്കും വയനാട്ടിലേക്ക് കേന്ദ്ര നേതാക്കള്‍ ചുരം കയറുക.കോണ്‍ഗ്രസിന്‍റെ സ്റ്റാര്‍ ക്യാംപയിനര്‍ ഇക്കുറി പ്രിയങ്ക ഗാന്ധിയാണ്. വയനാടിന് പുറമെ ആലപ്പുഴ ഉള്‍പ്പടെയുള്ള മറ്റു മണ്ഡലങ്ങളിലും എത്തിയേക്കും.പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പരമാവധി മണ്ഡലങ്ങളില്‍ പ്രചാരണത്തിന് എത്തും.ഡി കെ ശിവകുമാറിനെപ്പോലെ കേരളത്തില്‍ ആരാധകരുള്ള നേതാക്കളെയും കോണ്‍ഗ്രസ് ഇറക്കിത്തുടങ്ങി.ഈമാസം 22 ന് കണ്ണൂരിൽ സമാപിക്കുന്ന തരത്തിലുള്ള പ്രചാരണ ഷെഡ്യൂളുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നത്.
സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഡി രാജയും അടക്കമുള്ള ഇടതുപക്ഷത്തിന്‍റെ ദേശീയ നേതാക്കളും അടുത്തയാഴ്ചയോടെ എത്തും. മൂന്നുമുന്നണികളുടെയും പ്രധാന നേതാക്കളിറങ്ങുന്നതോടെ മീനച്ചൂട് മേടത്തിലേക്ക് കടക്കും.































