കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തുഫാൻ’ ശക്തമായി മുന്നോട്ട് പോവുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബിന്റെ ‘മീറ്റ് ദ് പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ നടപടികൾ ആരംഭിച്ചതോടെ രാജ്യാന്തര ലഹരി മാഫിയ തന്ത്രങ്ങൾ മാറ്റിത്തുടങ്ങിയതായും എന്നാൽ പോലീസ് ജാഗ്രതയിലാണെന്നും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ തുഫാന്റെ ഭാഗമായി ഇതുവരെ 6,182 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6,632 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏകദേശം 35 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് ഇതിനോടകം പിടിച്ചെടുത്തത്. സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തി ലഹരിസംഘങ്ങൾ നടത്തുന്ന ഇടപാടുകൾ കണ്ടെത്താൻ പോലീസിന് പ്രത്യേക പരിശീലനം നൽകുമെന്നും കാസർഗോഡ് ലഹരി നിർമാണ യൂണിറ്റ് കണ്ടെത്തിയത് ആഭ്യന്തരവകുപ്പിന് നടുക്കമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡി.ജെ പാർട്ടികളിലും കാരവനുകളിലും മയക്കുമരുന്ന് ഉപയോഗം അനുവദിക്കില്ലെന്നും തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പോലീസ് സ്റ്റേഷനുകൾ ഇനി ജനസൗഹൃദം; ഒരേ നിറം
പോലീസ് സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കാനുള്ള വലിയ മാറ്റങ്ങളാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്. അടുത്ത മാസം (ഓഗസ്റ്റ്) 15 മുതൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾക്കെല്ലാം ഒരേ നിറം നൽകും. മോശം അവസ്ഥയിലുള്ള സ്റ്റേഷനുകൾ വൃത്തിയാക്കാനും പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്റ്റേഷനുകളിൽ എത്തുന്നവരെ പോലീസ് അഭിവാദ്യം ചെയ്യും. പരാതികൾ സമയബന്ധിതമായി തീർപ്പാക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാവും. പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നത് സംബന്ധിച്ച് പോലീസ് സ്റ്റേഷനുകളിൽ ഓഡിറ്റ് നടപ്പാക്കും. പോലീസിനെതിരായ പരാതികൾ പരിഹരിക്കുന്നതിന് പുതിയ സംവിധാനം കൊണ്ടുവരുമെന്നും പോലീസ് വെബ്സൈറ്റ് കൂടുതൽ നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 15-നകം സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 സ്റ്റേഷനുകൾ ഒഴികെ ബാക്കി എല്ലാ സ്റ്റേഷനുകളിലും എസ്.ഐമാർക്ക് സ്റ്റേഷൻ ചുമതല നൽകും. ശേഷിക്കുന്ന വലിയ സ്റ്റേഷനുകളിൽ സി.ഐമാർ തന്നെ ചുമതലയിൽ തുടരും.
അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടി
നടി അൻസിബ ഹസൻ ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്കും ആഭ്യന്തര മന്ത്രി കൊച്ചിയിൽ മറുപടി നൽകി. പോലീസ് കമ്മിഷണർ തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പോലീസാണെന്നും മന്ത്രി വ്യക്തമാക്കി.
“അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് ആദ്യം പോലീസ് കണ്ടെത്തിയത്. തുടർന്ന് കോടതി നിർദേശപ്രകാരമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്, അതിന്റെ ഫലം വരുന്നത് വരെ കാത്തിരിക്കണം.” – രമേശ് ചെന്നിത്തല പറഞ്ഞു.






























