തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെ.എസ്.യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രിക്കെതിരെ പരസ്യമായി ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച കെപിസിസി വക്താക്കളായ ജിന്റോ ജോൺ, അനൂപ് വി.ആർ എന്നിവരെ പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സതീശൻ ഗ്രൂപ്പ് രംഗത്തെത്തി.
ഇതുസംബന്ധിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസി പ്രസിഡന്റിനും മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും ഔദ്യോഗികമായി പരാതി നൽകി. പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനം ഉന്നയിക്കുന്നത് സംഘടനയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് പരാതിയിൽ രാജു പി. നായർ ചൂണ്ടിക്കാണിക്കുന്നത്.
മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് കടുത്ത ഭാഷയിലായിരുന്നു ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്. “വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണ്, പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ്” എന്ന് ജിന്റോ കുറിച്ചു. രാഷ്ട്രീയ അൽഷിമേഴ്സ് ബാധിക്കുന്നവർക്ക് ന്യായീകരിക്കാൻ ‘തൊമ്മിമാർ’ ഉണ്ടാകുമെന്നും, തീരുമാനങ്ങൾ എടുക്കുന്ന ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ലെന്നത് രാജശാസനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനമുണ്ട്.
“രാജാവിനേക്കാൾ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി പറ്റുന്നതിനായി വാഴ്ത്തുകൾ പാടിക്കൊണ്ടേയിരിക്കും. രാജാക്കന്മാർ മാറി വന്നാലും രാജാധികാര രീതികൾ തുടർച്ചയാണ്” എന്നും ജിന്റോ ജോൺ കുറിച്ചു. കെ.എസ്.യുവിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിൽ അണികൾക്കിടയിൽ വലിയ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് പാർട്ടി വക്താക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
































