ഇസ്താംബുൾ: തുർക്കിയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ സി.എച്ച്.പി.ക്കെതിരെയുള്ള (CHP) നീക്കങ്ങൾ ശക്തമാക്കി സർക്കാർ. തലസ്ഥാനമായ അങ്കാറയിൽ പാർട്ടി ഭരിക്കുന്ന ചങ്കായ (Cankaya) ജില്ല ലക്ഷ്യമിട്ട് ശനിയാഴ്ച ഡസൻ കണക്കിന് ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അങ്കാറ പബ്ലിക് പ്രോസിക്യൂട്ടർ പുറപ്പെടുവിച്ച വാറന്റിൽ ഉൾപ്പെട്ട 36 പേരിൽ 27 പേരെ പുലർച്ചെ നടത്തിയ റെയ്ഡുകളിൽ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘം രൂപീകരിക്കൽ, അഴിമതി, ടെൻഡർ തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചങ്കായ മേയർ ഹുസൈൻ കാൻ ഗുണറും വാറന്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പാർട്ടി ചെയർമാൻ സ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഓസ്ഗർ ഒസെലിനെ കോടതി നീക്കുകയും, മുൻഗാമി കെമാൽ കിലിക്ദാരോഗ്ലുവിന് ചുമതല കൈമാറുകയും ചെയ്തതിന് പിന്നാലെ സി.എച്ച്.പി. കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പുതിയ അറസ്റ്റുകൾ. വോട്ട് കോഴ ആരോപണത്തെത്തുടർന്ന് സി.എച്ച്.പി.യുടെ 2023-ലെ നേതൃത്വ തിരഞ്ഞെടുപ്പ് അങ്കാറ കോടതി റദ്ദാക്കിയിരുന്നു. രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ നടത്തുന്ന നീക്കമാണിതെന്നാണ് വിമർശകർ ആരോപിക്കുന്നത്. ഈ നടപടി തുർക്കിയിലെ ജനാധിപത്യത്തെയും നിയമവാഴ്ചയെയും കുറിച്ച് വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
ശനിയാഴ്ചത്തെ റെയ്ഡുകൾക്ക് പിന്നാലെ, പാർട്ടി പ്രവർത്തകരോട് ചങ്കായ സിറ്റി ഹാളിന് മുന്നിൽ ഒത്തുകൂടാൻ നിലവിൽ ദക്ഷിണ നഗരമായ അദാന സന്ദർശിക്കുന്ന ഒസെൽ ആഹ്വാനം ചെയ്തു.
അഴിമതി ആരോപണങ്ങളെത്തുടർന്ന് നൂറുകണക്കിന് സി.എച്ച്.പി. ഉദ്യോഗസ്ഥരാണ് ഇതിനകം അറസ്റ്റിലായത്. എർദോഗനെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശേഷിയുള്ള ഏക നേതാവായി വിലയിരുത്തപ്പെട്ടിരുന്ന ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവും ഇതിൽ ഉൾപ്പെടുന്നു.
2024-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എർദോഗന്റെ എ.കെ. പാർട്ടിക്ക് മേൽ സി.എച്ച്.പി. നേടിയ വൻ വിജയത്തിന് ശേഷമാണ് പ്രതിപക്ഷത്തിന് മേലുള്ള സമ്മർദ്ദം ശക്തമായത്. ജൂൺ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം പാർട്ടിയുടെ 26 മേയർമാരെങ്കിലും വിവിധ അഴിമതി ആരോപണങ്ങളിൽ ജയിലിലാണ്. ഒസെൽ പാർട്ടി നേതൃത്വം ഏറ്റെടുത്ത് ആറ് മാസത്തിനുള്ളിലായിരുന്നു സി.എച്ച്.പി.യുടെ ഈ ചരിത്ര വിജയം.
ഇമാമോഗ്ലുവിന്റെ അറസ്റ്റിന് ശേഷം, തുർക്കിയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തെരുവ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ ഒസെൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പാർട്ടിയുടെ ജനപ്രീതി വർദ്ധിപ്പിച്ചു.
എർദോഗന്റെ കടുത്ത വിമർശകനായ 51-കാരനായ ഒസെൽ, കോടതി വിധിക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ നിയമപോരാട്ടങ്ങൾ പരാജയപ്പെട്ടാൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് വെള്ളിയാഴ്ച മാധ്യമപ്രവർത്തകൻ ഉൻസാൽ ഉൻലുവുമായുള്ള യൂട്യൂബ് അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇതൊരു “ഏറ്റവും മോശം സാഹചര്യം” മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






























