വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ലക്ഷങ്ങളുടെ വാതുവെപ്പ് (Betting) നടത്തിയ ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ. വർഷങ്ങളായി ട്രംപിന്റെ ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററായി പ്രവർത്തിച്ചിരുന്ന ഗബ്രിയേൽ പെരസിനെയാണ് ഔദ്യോഗിക ചുമതലകളിൽ നിന്നും സസ്പെൻഡ് ചെയ്തത്.
പ്രസിഡന്റിന്റെ പ്രസംഗങ്ങളിലെ ഉള്ളടക്കവും അദ്ദേഹം ഉപയോഗിക്കാൻ സാധ്യതയുള്ള വാക്കുകളും മുൻകൂട്ടി ചോർത്തിയാണ് ഗബ്രിയേൽ പന്തയം വെച്ചിരുന്നത്. ഇത്തരത്തിൽ ഏകദേശം ഒരു ലക്ഷം ഡോളർ (ഏകദേശം 85 ലക്ഷം രൂപ) ഇയാൾ കൈക്കലാക്കിയതായാണ് കണ്ടെത്തൽ. 2016 മുതൽ വൈറ്റ് ഹൗസിൽ ജോലി ചെയ്യുന്ന ഗബ്രിയേൽ, യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗം ഉൾപ്പെടെയുള്ളവയിലെ വാക്കുകൾ പ്രവചിച്ചാണ് പണം തട്ടിയത്.
ട്രംപിന്റെ കർശന നിർദേശപ്രകാരമാണ് ഗബ്രിയേലിനെതിരെ അടിയന്തര നടപടി സ്വീകരിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു. ഇയാൾ ഇനി വൈറ്റ് ഹൗസിൽ ജോലി ചെയ്യില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പ്രസിഡന്റ് ട്രംപ് കാണുന്നതെന്നും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഇത്തരം പെരുമാറ്റങ്ങൾ തികച്ചും അപമാനകരമാണെന്നും വൈറ്റ് ഹൗസ് വക്താവ് കൂട്ടിച്ചേർത്തു.
































