മാന്നാർ: വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയും 19 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത പ്രതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ പരുമല ഓടാട്ട് കിഴക്കേതിൽ കെ.എം. ബഷീർ (48) ആണ് പോലീസിന്റെ പിടിയിലായത്.
തട്ടിപ്പിന്റെ തുടക്കം വ്യാജപ്പേരിൽ
2020-ൽ പത്രപ്പരസ്യത്തിൽ നിന്നും ലഭിച്ച ഫോൺ നമ്പറിലൂടെ ഒരു ഇടനിലക്കാരൻ എന്ന വ്യാജേന സംസാരിച്ചാണ് പ്രതി സ്ത്രീയെ പരിചയപ്പെടുന്നത്. പിന്നീട് ചങ്ങനാശ്ശേരി സ്വദേശി ‘അഫ്സൽ’ എന്ന വ്യാജപ്പേരിൽ ഇവരുടെ വീട്ടിലെത്തി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
പീഡനവും പണമിടപാടും
തുടർന്ന് നിരന്തരം വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ, സ്ത്രീ പരാതിപ്പെടുമെന്ന് ഭയന്ന പ്രതി വിവാഹ വാഗ്ദാനം നൽകി ഇവരെ അനുനയിപ്പിച്ചു. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് പലതവണയായി 19 ലക്ഷത്തോളം രൂപ സ്ത്രീയിൽ നിന്നും തട്ടിയെടുക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തതായി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഭീഷണിയും അറസ്റ്റും
കഴിഞ്ഞ ജൂൺ മാസം മുതൽ പ്രതിയുടെ പെരുമാറ്റത്തിൽ മാറ്റം തോന്നിയ സ്ത്രീ നൽകിയ പണം തിരികെ ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്. പണം ചോദിച്ചതു മുതൽ പ്രതിയിൽ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ സ്ത്രീ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്.വി. ബിജു, എസ്.ഐ. സുദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അരവിന്ദ്, വിനീത്, അനന്ദു ബാലു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






























