പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്പന ആരോപിച്ച് മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് യുവാക്കളുടെ പരാതിയില്‍, കണ്ടാല്‍ തിരിച്ചറിയാവുന്ന ആറുപേര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
കഞ്ചാവ് വില്‍ക്കാനോ വാങ്ങാനോ എത്തിയവരാണെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ യുവാക്കളെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് സമീപത്തെ ഒരു മുറിയിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് യുവാക്കളെ മുട്ടുകാലില്‍ നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചു. ഇതിനുശേഷമാണ് സമീപത്തെ കടയില്‍നിന്ന് ഒരു ബാര്‍ബറെ വിളിച്ചുവരുത്തി ഇവരുടെ തലമുണ്ഡനം ചെയ്യിച്ചത്. സംഭവത്തില്‍ തങ്ങള്‍ക്ക് കടുത്ത ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നതായി യുവാക്കള്‍ പരാതിയില്‍ പറയുന്നു.
“യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.”
— പെരുമ്പാവൂര്‍ പൊലീസ്
സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതിനൊപ്പം തന്നെ, മൂന്ന് യുവാക്കള്‍ സംഭവസ്ഥലത്ത് എത്തിയ സാഹചര്യം എന്തായിരുന്നു എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.






























