കൊച്ചി: സിനിമാ ലോകത്തെ ഞെട്ടിച്ച ഭൂട്ടാൻ കാർ കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് പ്രവന്റിവ് വിഭാഗത്തിന്റെ കൊച്ചിയിലെ ഓഫിസിൽ വെച്ചായിരുന്നു ഏഴു മണിക്കൂറോളം നീണ്ടുനിന്ന മാരത്തോൺ ചോദ്യം ചെയ്യൽ. ‘ഓപറേഷൻ നുമ്ഖോർ’ എന്ന പേരിൽ കസ്റ്റംസ് നടത്തുന്ന വിപുലമായ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി.
‘ഭൂട്ടാൻ ബന്ധം അറിഞ്ഞില്ല, പണം കൈമാറിയത് ബാങ്ക് വഴി’: ദുൽഖർ
വാഹനം വാങ്ങുമ്പോൾ ഇത് ഭൂട്ടാനിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന കാറായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് മൊഴി നൽകിയത്. കാർ ഇടപാടുകൾ സുതാര്യമാണെന്ന് വ്യക്തമാക്കാനും പണം ബാങ്ക് വഴിയാണ് കൈമാറിയതെന്ന് തെളിയിക്കാനുമുള്ള രേഖകളും നടൻ കസ്റ്റംസിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്.
കള്ളക്കടത്ത് സംഘത്തിന്റെ കെണി; കൂടുതൽ വാഹനങ്ങൾക്കായി തിരച്ചിൽ
2025-ൽ കസ്റ്റംസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ചില പ്രമുഖ സിനിമാ നടന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂട്ടാൻ കാറുകൾ പിടികൂടിയിരുന്നു. ഇതിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാല് ആഡംബര കാറുകളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കള്ളക്കടത്ത് സംഘം വ്യാജ രേഖകൾ ചമച്ച് താരങ്ങളെ പറ്റിക്കുകയായിരുന്നുവെന്നാണ് സൂചന.
എന്നാൽ, പിടിച്ചെടുത്ത നാല് കാറുകൾക്ക് പുറമെ ഭൂട്ടാനിൽ നിന്ന് സമാനമായ രീതിയിൽ കടത്തിക്കൊണ്ടുവന്ന കൂടുതൽ കാറുകൾ ദുൽഖറിന്റെ ഉടമസ്ഥതയിലുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇവ കണ്ടെത്തിയ ശേഷം നടനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും.
എന്താണ് ‘ഓപ്പറേഷൻ നുമ്ഖോർ’?
ഭൂട്ടാനിൽനിന്ന് സെക്കൻഡ് ഹാൻഡ് ആഡംബര കാറുകൾ വൻതോതിൽ അതിർത്തി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്ന വലിയൊരു മാഫിയയാണ് ഇതിന് പിന്നിൽ. അസം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകൾ ഉപയോഗിച്ച് ഇവ രജിസ്റ്റർ ചെയ്ത് കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ വിറ്റഴിച്ചു എന്നാണ് കേസ്.
200-ഓളം കാറുകൾ കേരളത്തിൽ?
ഈ മാഫിയ സംഘം വഴി ഇരുനൂറോളം ആഡംബര കാറുകൾ കേരളത്തിൽ മാത്രം വിറ്റഴിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. കാർ കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ വൻതോതിൽ കള്ളപ്പണ കൈമാറ്റവും നടന്നതായി സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസിന് പുറമെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) കേസിൽ സമാന്തര അന്വേഷണം ശക്താമാക്കിയിട്ടുണ്ട്.






























