കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ പൊലീസ് പരിശോധനക്കിടെ കാർ ഉപേക്ഷിച്ച് രക്ഷപെട്ട എംഡിഎംഎ കേസ് പ്രതികൾ പിടിയിലായി. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് നന്മണ്ട സ്വദേശി അനന്തു, പുതിയാപ്പ സ്വദേശി കീർത്തന എന്നിവർ രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ഒളിത്താവളത്തിൽ നിന്നാണ് ഡാൻസാഫും പൊലീസും ചേർന്ന് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ അനന്തു മുൻപ് യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇക്കഴിഞ്ഞ എട്ടാം തീയതി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ ഇന്നോവ കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തുടർന്ന് ഈ വാഹനത്തിൽ നടത്തിയ പരിശോധനയിൽ 6 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തിരുന്നു. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്ത് യുവാക്കളെ എത്തിച്ച് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത് കീർത്തനയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനന്തുവിനെ മയക്കുമരുന്ന് വിൽപ്പനയിൽ സഹായിച്ചിരുന്നതും കീർത്തനയായിരുന്നു.
മറ്റൊരു സംഭവത്തിൽ, കോഴിക്കോട് കുന്നമംഗലത്ത് ഡാൻസാഫ് നടത്തിയ പരിശോധനയിൽ കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയുമായി മലപ്പുറം പുളിക്കൽ സ്വദേശി റിഷാബ് എന്ന യുവാവും പിടിയിലായിട്ടുണ്ട്. പിടിയിലായ പ്രതികളുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി വരികയാണ്.
.






























