കാസർഗോഡ്: ലഹരിമരുന്നിനെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തുഫാൻ’ പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയ്ക്കിടെ തൃക്കരിപ്പൂരിൽ വൻ ലഹരിവേട്ട. മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ കവ്വായി സ്വദേശി കെ. മുഹമ്മദ് സാജിദ് (35), വലിയപറമ്പ് മടാക്കൽ സ്വദേശി എം.കെ. മുനീർ (39) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി വടക്കേ തൃക്കരിപ്പൂർ ഷാബ ഷെട്ടി റോഡ് ജങ്ഷനിൽ വെച്ചാണ് ചന്തേര സബ് ഇൻസ്പെക്ടർ അജ്മലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ നിന്ന് 1.20 ഗ്രാം എം.ഡി.എം.എയും ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു.
പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രഭേഷ് കുമാർ, സുനിൽ കുമാർ, നരേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. പ്രദേശത്ത് ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ‘ഓപ്പറേഷൻ തുഫാൻ’ പദ്ധതി പ്രകാരമുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.






























