കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമുണ്ടാക്കിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ജിതിൻ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നും അന്വേഷണത്തെ വെല്ലുവിളിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം ഹർജി നൽകിയിരിക്കുന്നത്.
ജിതിൻ ഭാസ്‌കർ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ തിരുവള്ളൂരിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയുണ്ടായ അക്രമസംഭവങ്ങളും, ജിതിൻ തന്റെ ഫെയ്‌സ്‌ബുക്ക് പ്രൊഫൈലിലൂടെ നടത്തിയ വെല്ലുവിളികളുമാണ് ജാമ്യം റദ്ദാക്കാനായി അന്വേഷണ സംഘം പ്രധാനമായും ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
പൊലീസിനെ വെല്ലുവിളിച്ച് ഫെയ്‌സ്‌ബുക്ക് പോസ്റ്റ്
താൻ 200 പേർക്ക് സ്ക്രീൻഷോട്ട് അയച്ചു എന്നായിരുന്നു ജിതിനെതിരെയുള്ള പ്രധാന ആരോപണം. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം, “10 പേർക്കെങ്കിലും താൻ ഇത് അയച്ചെന്ന് തെളിയിക്കാനാവുമോ?” എന്ന് ജിതിൻ ഫെയ്‌സ്‌ബുക്കിലൂടെ പരസ്യമായി ചോദിച്ചിരുന്നു. ഇതിനുപിന്നാലെ, ‘തിരുവള്ളൂർ കൂട്ടായ്മ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ താൻ ഈ സ്ക്രീൻഷോട്ട് ഫോർവേഡ് ചെയ്തതായി ജിതിൻ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണസംഘത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ.






























