ജയ്‌പൂർ (രാജസ്‌ഥാൻ): കുടുംബ സ്വത്തിന്റെ നിയന്ത്രണവും അമ്മയുടെ സർക്കാർ ജോലിയും സ്വന്തമാക്കുന്നതിനായി ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ഉൾപ്പെടെ ഏഴുപേർ അറസ്‌റ്റിൽ. ജയ്‌പൂർ സ്വദേശിനി നീരജ് ശർമ്മ (45) കൊല്ലപ്പെട്ട കേസിലാണ് മകൾ ആയുഷി ശർമ്മ (23) പിടിയിലായത്. അമ്മയെ വധിക്കാൻ ബന്ധുക്കളുടെ സഹായത്തോടെയാണ് ആയുഷി ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഇത് വെറുമൊരു റോഡപകടമായി ചിത്രീകരിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം
കോടതിയിൽ ലോവർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തിരുന്ന നീരജ് ശർമ്മ കഴിഞ്ഞ ജൂലൈ 3-നാണ് ജയ്‌പുരിലെ പ്രതാപ് നഗർ പ്രദേശത്ത് വെച്ച് അമിതവേഗതയിൽ വന്ന സ്‌കോർപ്പിയോ ഇടിച്ച് കൊല്ലപ്പെടുന്നത്. ഒരു വർഷം മുമ്പാണ് നീരജിൻ്റെ ഭർത്താവ് മരണപ്പെട്ടത്. തുടർന്ന് ആശ്രിത നിയമനത്തിലൂടെയാണ് നീരജിന് ഈ ജോലി ലഭിച്ചത്. എന്നാൽ, ഈ ജോലി തനിക്ക് ലഭിക്കാത്തതിൽ മകൾ ആയുഷി ശർമ്മ കടുത്ത നിരാശയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ വ്യക്തമാക്കുന്നു.
സർക്കാർ ജോലിയും കുടുംബ സ്വത്തിന്റെ പൂർണ്ണ നിയന്ത്രണവും തനിക്ക് വേണമെന്ന ആയുഷിയുടെ അമിത ആഗ്രഹമാണ് ഒടുവിൽ സ്വന്തം അമ്മയുടെ കൊലപാതകത്തിൽ ചെന്നെത്തിച്ചത്. അമ്മയെ ഇല്ലാതാക്കാൻ ഏഴു ലക്ഷം രൂപയുടെ ക്വട്ടേഷനാണ് മകൾ നൽകിയത്. ആയുഷിയുടെ പിതൃസഹോദരൻ മോഹൻ സ്വരൂപ്, ബന്ധു ബൽറാം എന്നിവരും ഈ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു.
വഴിത്തിരിവായത് സി.സി.ടി.വി ദൃശ്യങ്ങൾ
മകനെ കോച്ചിങ് സെന്ററിൽ ഇറക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നീരജ് ശർമയെ അതിവേഗത്തിൽ വന്ന സ്‌കോർപ്പിയോ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അവർ ഏകദേശം 100 അടി ദൂരേക്ക് തെറിച്ചുവീണു. അപകടം നടന്നയുടനെ പ്രതിയായ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ഇതൊരു സാധാരണ റോഡപകട മരണമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസിന് കൃത്യമായ ആസൂത്രണം നടന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ ശാസ്ത്രീയവും ഊർജ്ജിതവുമായ അന്വേഷണത്തിലാണ് ക്രൂരമായ ഈ കൊലപാതകത്തിന്റെ ചുരുളഴിയുന്നതും മകൾ ഉൾപ്പെടെയുള്ള പ്രതികൾ വലയിലാകുന്നതും.






























