തൃപ്പൂണിത്തുറ: ബൈക്കിലെത്തി പെട്രോൾ പമ്പുകളിലും കടകളിലും വീടുകളിലുമായി വ്യാപക കവർച്ച നടത്തിവന്ന അഞ്ചംഗ സംഘത്തെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ മാമ്പ്ര ചെമ്പാട്ട് വീട്ടിൽ *റിയാദ് (26), കൊടുങ്ങല്ലൂർ തകരമട വീട്ടിൽ **തൻസീർ (28), കൊടുങ്ങല്ലൂർ നെല്ലിപ്പറമ്പത്ത് വീട്ടിൽ *ബൈജു (29) എന്നിവരെയും, ഇവരിൽ നിന്ന് കവർച്ചാമുതൽ വാങ്ങിയ വടക്കൻ പറവൂർ മന്നം സ്വദേശികളായ ചന്തത്തോപ്പിൽ വീട്ടിൽ *മിഥുൻ (28), കാഞ്ഞിരപറമ്പിൽ വീട്ടിൽ *നിസാർ (28) എന്നിവരെയുമാണ് പോലീസ് പൊക്കിയത്.
ഫോണില്ല, ഹെൽമെറ്റും ഗ്ലൗസും ധരിച്ച് ഹൈടെക് കവർച്ച!
മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിലുള്ള ആളൊഴിഞ്ഞ വീട് മുതൽ നീർപ്പാറയിലെ എച്ച്.പി പമ്പ് വരെയുള്ള ഭാഗങ്ങളിൽ പ്രതികൾ തുടർച്ചയായി മോഷണം നടത്തിവരികയായിരുന്നു. ഒടുവിൽ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഈ ബൈക്ക് ആലുവ മെട്രോ റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി.
കവർച്ച നടത്തുമ്പോൾ മൊബൈൽ ഫോണുകൾ പൂർണ്ണമായും ഒഴിവാക്കുകയും ഹെൽമെറ്റും ഗ്ലൗസും ധരിക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. അതുകൊണ്ടുതന്നെ പ്രതികളെ കണ്ടെത്തുക പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഒടുവിൽ മുളന്തുരുത്തി, അരയൻകാവ്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, ആലുവ, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങളിലെ ഇരുനൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
25 ഓളം കേസുകൾ, സപ്ലൈകോയിലും കവർച്ച
തലയോലപ്പറമ്പ് വരിക്കാംകുന്ന് ഭാഗത്തെ സപ്ലൈകോ ഔട്ട്‌ലെറ്റിലും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ എന്ന് പോലീസ് വ്യക്തമാക്കി.
പ്രതികളെ വലയിലാക്കിയ പോലീസ് സംഘം
മുളന്തുരുത്തി എസ്.എച്ച്.ഒ സംഗീത് പുനത്തിൽ, എസ്.ഐമാരായ ആർ. പ്രിൻസി, പ്രവീൺ കുമാർ, എ.എസ്.ഐമാരായ ജയകുമാർ, ഷാജിത്ത്, എസ്.സി.പി.ഓമാരായ സലീം, സിജിലാൽ, സി.പി.ഓമാരായ ജിൽസ്, ജിഷ്ണു, സുധീഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






























