തളിക്കുളം:മണപ്പുറത്തിന്റെ കവിയും സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പി. സലിം രാജ് (56) നിര്യാതനായി. മൂന്നു ദിവസമായി പനി ബാധിച്ച് കിടക്കുകയായിരുന്ന സലിം രാജിനെ ശനിയാഴ്ച രാത്രി രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വലപ്പാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഒരാൾ പ്രണയത്തെ അനുഭവിച്ച വിധം’, ‘വിപ്ലവഗാനങ്ങൾ’, ‘പാർട്ടിയെന്നാൽ’, ‘അക്ഷരനന്മ’ എന്നീ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണ വിഭാഗത്തിൽ ജീവനക്കാരനാണ്. പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗമാണ്.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായിരുന്നു. ജനസംസ്കാര ചലച്ചിത്ര കേന്ദ്രത്തിന്റെ മുഖപത്രമായ ‘കൊട്ടക’ മാസികയുടെ പത്രാധിപരായും ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂരിന്റെ ഭാഗമായുള്ള പ്രസിദ്ധീകരണ വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് അധ്യാത്മിക മാസികയായ ‘ക്ഷേത്രദർശന’ത്തിന്റെ പ്രൂഫ് റീഡറുമായിരുന്നു. സി.പി.എം തളിക്കുളം സെന്റർ ബ്രാഞ്ച് അംഗം, പുരോഗന കലാസാഹിത്യസംഘം നാട്ടിക മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
തളിക്കുളം ധർമശാസ്ത ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റിട്ട. എ.ഇ.ഒ പട്ടാലി രാജൻ -കമല ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രേം ജിഷ (അധ്യാപിക). മകൾ: ദേവിക. സംസ്കാരം ഞായറാഴ്ച.






























