എടത്വ: സിഎസ്ഐ മധ്യകേരള മഹായിടവകയുടെ മോഡറേറ്റർ പദവിയിൽ നിന്നും വിരമിച്ച തലവടി കാഞ്ഞിരപള്ളിൽ മോസ്റ്റ് റവ. ബിഷപ്പ് തോമസ് കെ.ഉമ്മൻ സപ്തതി നിറവിൽ.സി.എസ്.ഐ മധ്യകേരള മഹായിടവകയിൽ നിന്നും ആദ്യമായിട്ട് മോഡറേറ്റർ സ്ഥാനത്തേക്ക് എത്തിയ വ്യക്തിയായിരുന്നു തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക അംഗമായ മോസ്റ്റ്. റവ. ബിഷപ്പ് തോമസ്.കെ.ഉമ്മൻ.
റൈറ്റ് റവ.ബിഷപ്പ് തോമസ് സാമുവേൽ 2011 ജനുവരി 24 ന് വിരമിച്ചതിന് ശേഷം മാർച്ച് 5നാണ് അധ്യക്ഷ സ്ഥാനത്തേക്ക് ബിഷപ്പ് തോമസ് കെ.ഉമ്മൻ എത്തിയത്.ഡപ്യൂട്ടി മോഡറേറ്റർ, മോഡറേറ്റർ എന്നി പദവികൾ വഹിച്ച ബിഷപ്പ് തോമസ് കെ.ഉമ്മൻ സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളും, പരിസ്ഥിതി സംരംക്ഷണത്തിനും മദ്യവർജ്ജന പ്രവർത്തനങ്ങൾക്കും മതനിരപേക്ഷതയ്ക്കും ശബ്ദമുയർത്തി പൊതു സമൂഹത്തിൻ്റെ ശ്രദ്ധ നേടി.ഉറച്ച നിലപാടുകൾ കൊണ്ട് സമൂഹത്തിന്റെ ശ്രദ്ധനേടിയ ഒൻപതു വർഷങ്ങൾ. പരിസ്ഥിതി നശീകരണത്തിനും, മദ്യമുൾപ്പടെയുള്ള സാമൂഹ്യ വിപത്തുകൾക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച ആത്മീയ ആചാര്യൻ. ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാടിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ച വ്യക്തിയായിരുന്നു തോമസ് കെ ഉമ്മൻ. സഭ സമിതികളിലേക്ക് മത്സരിക്കുന്നതിൽ നിന്ന് മദ്യം ഉപയോഗിക്കുന്നവരെ വിലക്കിയ തീരുമാനത്തിന് പിന്നിൽ ബിഷപ്പ് തോമസ് കെ. ഉമ്മൻ ആയിരുന്നു.
ഡോ. സൂസൻ തോമസ് ആണ് സഹധർമ്മിണി.സോണി തോമസ് ,സാൻ്റീന തോമസ് എന്നിവർ മക്കളും ആശാ , ഡോ. ജീൻ എന്നിവർ മരുമക്കളും ആണ്.
സപ്തതി നിറവിൽ എത്തിയ മോസ്റ്റ് റവ ബിഷപ്പ് തോമസ് കെ.ഉമ്മനെ ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുമോദിക്കുമെന്ന് റവ.ജോർജ് മാത്തൻ സ്മാരക സമിതി സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.
2020 നവംബർ 28ന് ആയിരുന്നു സി.എസ്.ഐ സഭയുടെ മോഡറേറ്റർ പദവിയിൽ നിന്നും വിരമിച്ചത്.ആന്ധ്രാപ്രദേശ്,കർണാടക,കേരളം,തമിഴ്‌നാട്, ശ്രീലങ്ക എന്നീ സംസ്ഥാനങ്ങളിലായി 16,000 ഇടവകകളും 40 ലക്ഷം അംഗങ്ങളും ഉള്ള സഭയുടെ പരമാധ്യക്ഷ്യൻ ആയിരുന്ന ബിഷപ്പ് ഇപ്പോൾ ജന്മനാട്ടിൽ വിവിധ സാമുഹിക – സാംസ്ക്കാരിക പ്രവർത്തനങ്ങിൽ സജീവമാണ്.
മാതൃഇടവകയായ തലവടി സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ ഇന്ന് രാവിലെ 10ന് സപ്തതി സ്തോത്ര ശുശ്രൂഷ നടക്കും. വികാരി റവ ജിലോ മാത്യൂ നൈനാൻ നേതൃത്വം നല്കും.































