മൊബൈൽ ആപ് വഴി ഇനി മുതൽ കേരള ഹൈകോടതിയിൽ കേസുകൾ ഫയൽ ചെയ്യാം. ജഡ്ജിമാർ പറയുന്ന ഉത്തരവുകൾ അപ്പോൾ തന്നെ എഴുതാൻ കഴിയുന്ന സോഫ്റ്റ്വെയർ സംവിധാനമടക്കം കൂടുതൽ ഹൈടെക്കായി ഹൈകോടതി മാറി.
കേസുകൾ ഓൺലൈനിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന മൊബൈൽ ആപ് രാജ്യത്തുതന്നെ ആദ്യമാണ്. ഈ ആപ്പിലൂടെ ഹരജികളും അപ്പീലുകളും ജഡ്ജിമാർക്ക് പരിശോധിക്കാം. നവംബർ 15 മുതലാണ് ഇവ നിലവിൽ വന്നത്.
ഉത്തരവ് പറയുമ്പോൾ തന്നെ എഴുതിയെടുക്കുന്ന സോഫ്റ്റ്വെയർ സംവിധാനം നേരത്തേ ഇടക്കാല ഉത്തരവുകളിൽ ഉപയോഗിച്ചിരുന്നു. ഇനി മുതൽ വിധിന്യായം പൂർണമായും ഈ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ എഴുതിയെടുക്കാം. കീഴ്കോടതികളിൽ മജിസ്ട്രേറ്റുമാർ സാക്ഷിമൊഴികൾ എഴുതിയെടുക്കുന്ന രീതിക്കും മാറ്റം വന്നു. ഈ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്ന മൊഴിയിൽ മജിസ്ട്രേറ്റ് ഒപ്പുവെക്കുന്നതോടെ ഔദ്യോഗിക രേഖയായി മാറും.
ജില്ല കോടതികളിൽ എത്ര കേസുകൾ പരിഗണിക്കുന്നുവെന്നും എത്ര തീർപ്പാക്കിയെന്നുമടക്കം കീഴ്കോടതികളുടെ പ്രവർത്തനം ഹൈകോടതിക്ക് കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനവും ജയിലുകളിൽ തടവിൽ കഴിയുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനവും പ്രവർത്തനക്ഷമമായി. ഹരജികൾ പരിഗണിക്കുമ്പോൾ തന്നെ പ്രതി ജയിലിലാണോ അല്ലയോയെന്ന് ഈ സംവിധാനത്തിലൂടെ അറിയാൻ കഴിയും. കോടതിയിൽനിന്ന് പൊലീസ് സ്റ്റേഷനുകളിലേക്ക് സമൻസ് ഓൺലൈൻ മുഖേന അയക്കുന്ന സംവിധാനവും നടപ്പായി.
































