കോതമംഗലം: കോതമംഗലം രൂപത വൈദികനും ഇടുക്കി രൂപതയുടെ പ്രഥമ വികാരി ജനറാളുമായിരുന്ന ഫാ. തോമസ് പെരിയപ്പുറം (76) നിര്യാതനായി. ഇഞ്ചൂർ പെരിയപ്പുറം മത്തായി-ഏലീശ്വ ദമ്പതികളുടെ മകനാണ്. 1972ൽ വൈദികനായി. കോതമംഗലം കത്തീഡ്രൽ ചെപ്പുകുളം, അംബികാപുരം, പൊയ്ക (വടാട്ടുപാറ), കോലടി, നെടിയശാല, കരിമ്പൻ, തൊടുപുഴ ഈസ്റ്റ് പള്ളികളിൽ വികാരിയായും ജോലി ചെയ്തു. കോതമംഗലം മൈനർ സെമിനാരി വൈസ് റെക്ടർ, നിർമല കോളജ്, മുരിക്കാശ്ശേരി പാവനാത്മ കോളജുകളിൽ ബർസാർ-പ്രിൻസിപ്പൽ, മംഗലപ്പുഴ സെമിനാരി പ്രഫസർ, മുതലക്കോടം പള്ളിയിലെ റെസിഡന്റ് പ്രീസ്റ്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മുതൽ കോതമംഗലം കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്കാരം വൈകീട്ട് 3.30ന് ഇടവക പള്ളിയായ ഇഞ്ചൂർ ദേവാലയ സെമിത്തേരിയിൽ.






























