മുംബൈ: മഹാരാഷ്ട്രയിൽ ഒരു വിദ്യാർത്ഥി പോലും താമസമില്ലാത്ത ആറ് വ്യാജ ഹോസ്റ്റലുകൾക്ക് കോടികളുടെ സർക്കാർ ഫണ്ട് അനുവദിച്ചതായി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) ഞെട്ടിക്കുന്ന കണ്ടെത്തൽ. നാല് വർഷത്തിനിടെ 1.62 കോടി രൂപയാണ് ഇത്തരത്തിൽ വ്യാജ ഹോസ്റ്റലുകൾക്കായി സർക്കാർ അനുവദിച്ചത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മഹാരാഷ്ട്ര നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ സമർപ്പിച്ച 2024-ലെ കംപ്ലയൻസ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കടലാസിലെ ഹോസ്റ്റലുകൾ, കോടികളുടെ ഫണ്ട്
2020-24 കാലയളവിൽ ഒരു വിദ്യാർത്ഥി പോലുമില്ലാത്ത ആറ് ഹോസ്റ്റലുകൾക്കായി സോഷ്യൽ ജസ്റ്റിസ് ആൻഡ് സ്പെഷ്യൽ അസിസ്റ്റൻസ് വകുപ്പാണ് വൻതോതിൽ ഫണ്ട് നൽകിയത്. യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്നതും കടലാസിൽ മാത്രം പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളാണിവ.
ജാൽനയിലെ മോദിഖാൻ ഹോസ്റ്റൽ പൂർണ്ണമായും തകർന്ന നിലയിൽ പൂട്ടിക്കിടക്കുകയാണെന്ന് ഓഡിറ്റർമാർ നേരിട്ട് നടത്തിയ പരിശോധനയിൽ കണ്ടെത്തി. എന്നാൽ സർക്കാർ രേഖകളിൽ ഇവിടെ 38 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നും അവർ ഒരു സൂപ്രണ്ടിന്റെ ചുമതലയിലാണെന്നുമാണ് കാണിച്ചിരിക്കുന്നത്. നാല് വർഷത്തിനിടെ 18 ലക്ഷം രൂപയാണ് ഈ വ്യാജ ഹോസ്റ്റലിന് മാത്രം നൽകിയത്. 24 വിദ്യാർത്ഥികൾക്ക് താമസിക്കാൻ സൗകര്യമുള്ള ജാഫ്രാബാദിലെ ഹോസ്റ്റലും പൊടിപിടിച്ച കിടക്കകളോടെ വിജനമായി കിടക്കുകയാണ്. ജാൽന ജില്ലയിലെ നാലിടങ്ങളിലും ബുൽധാന, ലാത്തൂർ എന്നിവിടങ്ങളിലുമാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നത്.
ദുരിതക്കയത്തിൽ സർക്കാർ ഹോസ്റ്റലുകൾ
സംസ്ഥാനത്ത് ആകെയുള്ള 443 സർക്കാർ ഹോസ്റ്റലുകൾക്കും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന 2,388 ഹോസ്റ്റലുകൾക്കുമായി ഓഡിറ്റ് കാലയളവിൽ 2,321 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്. എന്നാൽ ഭൂരിഭാഗം ഹോസ്റ്റലുകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് സി.എ.ജി ചൂണ്ടിക്കാണിക്കുന്നു.
പലയിടത്തും ഡൈനിങ് ഹാളുകളോ, ലൈബ്രറികളോ, കമ്പ്യൂട്ടർ ലാബുകളോ, സി.സി.ടി.വി സംവിധാനങ്ങളോ ഇല്ല. മേശയും കസേരയുമില്ലാത്തതിനാൽ വിദ്യാർത്ഥികൾ തറയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ശുചിത്വമില്ലായ്മ, വെളിച്ചക്കുറവ്, സുരക്ഷിതമല്ലാത്ത കുടിവെള്ളം, മോശം ഭക്ഷണം, കൃത്യമായ മെഡിക്കൽ പരിശോധനകളുടെ അഭാവം എന്നിവ വിദ്യാർത്ഥികളെ വൻതോതിൽ ബുദ്ധിമുട്ടിക്കുന്നു. അഹല്യനഗർ, ധാരാശിവ്, ജാൽന, നാഗ്പൂർ എന്നിവിടങ്ങളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് മുകളിലത്തെ നിലകളിൽ മുറികൾ അനുവദിച്ചതായും റിപ്പോർട്ടിലുണ്ട്.
ബയോമെട്രിക് അറ്റൻഡൻസ് സംവിധാനമുള്ള 280 ഹോസ്റ്റലുകളിൽ 46 ഇടങ്ങളിൽ മാത്രമേ ഇവ പ്രവർത്തിച്ചിരുന്നുള്ളൂ. കൃത്യമായ ഹാജർ വിവരങ്ങൾ മറച്ചുവെക്കാൻ ഇത് കാരണമായി.
ലക്ഷ്യങ്ങൾ പാളി; പെൺകുട്ടികളുടെ ഹോസ്റ്റലിൽ പുരുഷ സൂപ്രണ്ടുമാർ
2020-ഓടെ 500 സർക്കാർ ഹോസ്റ്റലുകൾ നിർമിക്കുമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ മഹാരാഷ്ട്രയ്ക്ക് സാധിച്ചില്ല. ഓരോ താലൂക്കിലും ഒരു ഹോസ്റ്റൽ എന്ന നയം നടപ്പാക്കാത്തതിനാൽ 117 താലൂക്കുകളിലായി 8,930 വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം നഷ്ടമായി. 49 ഹോസ്റ്റലുകൾ സൂപ്രണ്ടുമാരില്ലാതെയാണ് പ്രവർത്തിക്കുന്നത്. അഞ്ചിടത്ത് പെൺകുട്ടികളുടെ ഹോസ്റ്റലുകൾ നിയന്ത്രിക്കുന്നത് പുരുഷ സൂപ്രണ്ടുമാരാണെന്ന ഗുരുതരമായ സുരക്ഷാവീഴ്ചയും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
2023-24 വർഷം ഹോസ്റ്റലുകൾക്കായി അനുവദിച്ച 487 കോടി രൂപയിൽ 56.65 കോടി രൂപയും ചെലവഴിക്കാതെ മാറ്റിവെച്ചു. വ്യാജ ഹോസ്റ്റലുകളിലേക്ക് ഫണ്ട് ഒഴുകിയപ്പോൾ, അർഹരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് താമസസൗകര്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്തുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.































