തലശ്ശേരി: ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ 15കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. ആശുപത്രിയിലെ അറ്റൻഡന്റ് ഗ്രേഡ് രണ്ട് ജീവനക്കാരനായ പിണറായി കാപ്പുമ്മൽ റസീന മൻസിലിൽ സി. റമീസാണ് (38) അറസ്റ്റിലായത്.ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. പുരുഷന്മാരുടെ സർജിക്കൽ വാർഡിൽ ഡ്യൂട്ടിയിലായിരുന്ന റമീസ്, വയറ് പരിശോധിക്കണമെന്നു പറഞ്ഞാണ് കുട്ടിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ശുചിമുറിയിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി കരഞ്ഞുകൊണ്ട് മുറിയിൽനിന്ന് പുറത്തിറങ്ങി.ബഹളം കേട്ട് ആശുപത്രിയിലെ മറ്റു ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തി റമീസിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് ആശുപത്രി ഒ.പിയിലേക്ക് പോയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ആശുപത്രി പരിസരം മണിക്കൂറുകളോളം സംഘർഷഭരിതമായി. പൊലീസ് എത്തുന്നതുവരെ ജീവനക്കാരനെ ആശുപത്രിയിലെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇയാളെ വിശദമായി പൊലീസ് ചോദ്യംചെയ്തുവരുകയാണ്. പോക്സോ വകുപ്പ് ചുമത്തിയാണ് ജീവനക്കാരനെതിരെ കേസെടുത്തത്. തലശ്ശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.

































