ദുബായ്: രാജ്യം വിടാൻ ആഗ്രഹിക്കുന്ന പൊതുമാപ്പ് അപേക്ഷകർ തങ്ങളുടെ പൊതുമാപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഔട്ട്പാസ് ലഭിച്ച ശേഷം മാത്രമേ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളൂ എന്ന് ദുബായ് അധിക്യതർ നിർദ്ദേശിച്ചു. എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഔട്ട് പാസ് ലഭിക്കുന്നത് വൈകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദ്ദേശം.
ആദ്യം ഔട്ട്പാസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും അത് കൈയിൽ കിട്ടിയ ശേഷം മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഔട്ട്പാസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ രാജ്യം വിട്ടാൽ മതിയാവും. ഔട്ട്പാസ് ലഭിക്കുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ചിലപ്പോൾ അത് കാൻസൽ ചെയ്യേണ്ട സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവർക്ക് ടിക്കറ്റ് നിരക്കിൽ കുറവ് വരുത്താൻ വിമാന കമ്പനികളുമായി യുഎഇ അധികൃതർ നേരത്തെ ചർച്ച നടത്തിയിരുന്നു. ദുബായിലെ നിയമ ലംഘകരുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സലാ അൽ ഖംസിയാണ് ഈ നിർദ്ദേശം പ്രവാസികൾക്ക് മുന്നിലേക്ക് വെച്ചത്.
അതിനിടെ, പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനായി വരുന്ന അപേക്ഷകരിൽ പലരും അപൂർണ്ണമായ രേഖകളുമായി വരുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി യുഎഇയിലെ ടൈപ്പിംഗ് സെന്റർ ഏജന്റുമാർ പറഞ്ഞു. സ്റ്റാറ്റസ് ക്രമപ്പെടുത്താനും രാജ്യത്ത് തുടരാനും ആഗ്രഹിക്കുന്നവർ ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള വിസ കൊണ്ടുവരേണ്ടതുണ്ട്. വെറും ഔട്ട്പാസ് ആഗ്രഹിക്കുന്ന അപേക്ഷകർ പാസ്പോർട്ടും ഫോട്ടോയും കാലഹരണപ്പെട്ട വിസയുടെ പകർപ്പും കൊണ്ടുവരണം. കമ്പനി ജോലി വിസയിൽ വന്ന് ഒളിച്ചോടിയ കേസുകളിൽ വിസ റദ്ദാക്കപ്പെട്ടിട്ടില്ലെങ്കിൽ പൊതുമാപ്പ് അപേക്ഷയ്ക്കു മുമ്പ് വിസ കാൻസൽ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
സെപ്റ്റംബർ ഒന്ന് ഞായറാഴ്ച മുതലാണ് യുഎഇ നിയമവിരുദ്ധ താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇത് രണ്ട് മാസം നീണ്ടു നിൽക്കും. വിസിറ്റ് വിസയിൽ ഉൾപ്പെടെ രാജ്യത്തെത്തിയ ശേഷം വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് ഉൾപ്പെടെ ഈ അവസരം ഉപയോഗപ്പെടുത്താനാവും. തിങ്കളാഴ്ച പൊതുമാപ്പിന്റെ രണ്ടാം ദിവസം ആയിരുന്നു. യുഎഇയിൽ ഞായറാഴ്ച ആരംഭിച്ച വിസ പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്താൻ വേണ്ടി നിരവധി പേരാണ് അപേക്ഷാ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം June 20 എത്തിയത്.































