ബംഗളൂരു: പന്ത്രണ്ടു വർഷം പഴക്കമുള്ള പോക്സോ കേസിൽ വിചാരണ പൂർത്തിയാകാത്തതിൽ കടുത്ത ഞെട്ടലും അസ്വസ്ഥതയും രേഖപ്പെടുത്തി കർണാടക ഹൈക്കോടതി. 2014-ൽ ഒരു സ്കൂളിൽ വെച്ച് ആറ് വയസ്സുകാരിയായ പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായ കേസിലെ നടപടിക്രമങ്ങൾ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണായക നിരീക്ഷണം.
ഇത്തരം കേസുകളിൽ നീതി വൈകുന്നത് കേവലമൊരു നടപടിക്രമപരമായ വീഴ്ചയല്ല, മറിച്ച് ഗുരുതരമായ അനീതിയാണെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി. വിചാരണ ഓരോ തവണയും അനാവശ്യമായി മാറ്റിവയ്ക്കുമ്പോൾ ഇരയ്ക്കുണ്ടാകുന്ന ആഘാതത്തിന്റെ ആഴം വർധിക്കുകയാണ് ചെയ്യുന്നത്. 12 വർഷമായി ഈ കേസ് കെട്ടിക്കിടക്കുന്നു എന്നത് കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസ് ഇത്രയും കാലം തീർപ്പാക്കാതെ കിടക്കുന്നതിനേക്കാൾ ഭയാനകമായി മറ്റൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇരയായ കുട്ടിക്ക് ഒരിക്കലുണ്ടായ വേദനാജനകമായ അനുഭവം കോടതി നടപടികൾ കാരണം വീണ്ടും വീണ്ടും ഉണ്ടാകാൻ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഉത്തരവിന്റെ പകർപ്പ് ലഭിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ വിചാരണക്കോടതിയോട് കർശനമായി നിർദേശിച്ചു.
































