ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒമ്പതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി. ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പ്രായത്തിൽ വിദ്യാർത്ഥികൾക്ക് മേൽ പുതിയൊരു ഭാഷ അടിച്ചേൽപ്പിക്കുന്നത് അനാവശ്യമായ മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ നിർദ്ദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ ഈ നിർണ്ണായക പരാമർശങ്ങൾ. കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയത്തോടുള്ള വിയോജിപ്പാണ് നവോദയ വിദ്യാലയങ്ങൾ തുടങ്ങുന്നതിനെതിരെയുള്ള തമിഴ്നാടിന്റെ എതിർപ്പിന് പിന്നിലെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പുതിയ ഭാഷ ആറാം ക്ലാസിൽ തുടങ്ങണം: ജസ്റ്റിസ് ബി വി നാഗരത്ന
സംസ്ഥാന സർക്കാരിന്റെ വാദങ്ങളോട് പ്രതികരിക്കവെ, ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ പഠിപ്പിച്ചു തുടങ്ങുന്നതിന്റെ സമയക്രമത്തെ ജസ്റ്റിസ് ബി വി നാഗരത്ന ശക്തമായി ചോദ്യം ചെയ്തു.
“കുട്ടികൾ പുതിയ ഭാഷകൾ വളരെ നേരത്തെ തന്നെ പഠിച്ചു തുടങ്ങണം. ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൊണ്ടുവരുന്നത് വളരെ തെറ്റായ തീരുമാനമാണ്. ഒമ്പതാം ക്ലാസ് എന്നത് കുട്ടികൾക്ക് ഏറെ പഠനസമ്മർദ്ദമുള്ള സമയമാണ്. അതിനാൽ പുതിയ ഭാഷ ഒമ്പതാം ക്ലാസിന് പകരം ആറാം ക്ലാസിൽ തന്നെ തുടങ്ങണം,” ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ത്രിഭാഷാ നയം സ്കൂൾ വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളിലേക്കാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം വിരൽ ചൂണ്ടുന്നത്. നവോദയ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് സർക്കാരിന്റെ അപ്പീലിൽ കോടതിയുടെ തുടർന്നുള്ള നടപടികൾ നിർണ്ണായകമാകും.

































