കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കടുത്ത നിയമനടപടികളിലേക്ക് കടക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഏജൻസി ഏറ്റെടുത്ത സുപ്രധാന കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ഇ.ഡി ഉന്നതോദ്യോഗസ്ഥർ കൊച്ചി സോണൽ ഓഫീസിൽ അടിയന്തര യോഗം ചേർന്നു. ചെന്നൈയിൽ നിന്നെത്തിയ ദക്ഷിണമേഖലാ മേധാവിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾ ഇ.ഡിക്കുവേണ്ടി കൈകാര്യം ചെയ്യുന്ന പ്രോസിക്യൂട്ടർമാരുടെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. സിഎംആർഎൽ – എക്സാലോജിക് കേസിലെ തുടർനടപടികൾ ഈ യോഗത്തിൽ പ്രധാന ചർച്ചയാകും. കേസുമായി ബന്ധപ്പെട്ട് എക്സാലോജിക് ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി. വീണയെ ഇ.ഡി ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. കൂടാതെ വീണയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. സ്വത്ത് കണ്ടുകെട്ടുന്നതിലേക്ക് കടക്കുന്നതിന് മുൻപായി കേസിന്റെ കൃത്യമായ അവലോകനം പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് പിന്നാലെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡി കടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
നേരത്തെ, ടി. വീണ താമസിക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ ആക്രമിച്ച സംഭവമുണ്ടായിരുന്നു. ഈ കേസിന്റെ അന്വേഷണ പുരോഗതിയും ഉന്നതതല യോഗം വിലയിരുത്തി.
അവയവക്കച്ചവട കേസുകളിലും അന്വേഷണം ഊർജ്ജിതം
സംസ്ഥാനത്തെ പ്രമുഖ ആശുപത്രികൾ കേന്ദ്രീകരിച്ചു നടക്കുന്ന അവയവക്കച്ചവട പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകളും ഇ.ഡി യോഗം അവലോകനം ചെയ്തു. അവയവക്കച്ചവടത്തിനായി വ്യാജരേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംശയനിഴലിലുള്ള ഡോക്ടർമാരെ ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് നടക്കുന്ന പ്രോസിക്യൂട്ടർമാരുടെ യോഗത്തിന് ശേഷം ഈ രണ്ട് കേസുകളിലും ഇ.ഡിയിൽ നിന്നും നിർണായകമായ തുടർനടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
































