പെരുമ്പാവൂർ: പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. മോഷണത്തിനായി വീട്ടിൽ കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ അബിൻ ടോമിയെ പൊലീസ് പിടികൂടി.
തൊട്ടടുത്ത വീട്ടിലെ രോഗിയെ പരിചരിച്ച ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. അകത്തുകയറി നോക്കിയപ്പോൾ സാധനങ്ങൾ വലിച്ചുവാരിയിട്ടതായും കണ്ടു. ഇതിനിടയിലാണ് പൂർണ നഗ്നനായ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടത്.
തുടർന്ന് യുവതിയുടെ വായ് പൊത്തിപ്പിടിച്ച് ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഭയന്നുപോയ ആശാ പ്രവർത്തക ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി അബിൻ ടോമിയെ വലയിലാക്കിയത്. വീടിനുള്ളിൽ മോഷണശ്രമം നടന്നതിന്റെ വ്യക്തമായ ലക്ഷണങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അലമാരയും ബാഗും തുറന്ന് പരിശോധിക്കാൻ പ്രതി ശ്രമിച്ചിട്ടുണ്ട്.
യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചതടക്കമുള്ള കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.































