ന്യൂഡൽഹി: മധ്യപ്രദേശിലെ ധാറിലുള്ള ഭോജ് ശാല മന്ദിരത്തിൽ മുസ്ലിംകൾക്ക് വെള്ളിയാഴ്ചകളിലെ നമസ്കാരത്തിനുള്ള അനുമതി പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഭോജ്‌ശാല അതീവ വൈകാരികമായ ഒരു വിഷയമാണെന്ന് വ്യക്തമാക്കിയ കോടതി, തർക്കത്തിൽ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ വെള്ളിയാഴ്ചകളിലെ പ്രാർഥനയ്ക്കായി ഭോജ്ശാലയ്ക്കു സമീപം പകരം സ്‌ഥലം അനുവദിക്കാൻ നിർദേശിച്ചു.
ഭോജ്ശാലാ സമുച്ചയത്തിൽ മുസ്ലിംകൾക്ക് വെള്ളിയാഴ്‌ചകളിൽ പ്രാർഥന തുടരാൻ അനുമതി നൽകിക്കൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന്മേൽ ഇടക്കാല സ്‌റ്റേ അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മൂന്നാഴ്‌ചകൾക്കുശേഷം കേസിൽ അന്തിമവാദം നടക്കുമെന്നും കോടതി അറിയിച്ചു.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒരു മണിക്കും മൂന്നു മണിക്കുമിടയിൽ മുസ്ലിംകൾക്ക് പ്രാർഥിക്കുന്നതിനായി ഭോജ്ശാല മന്ദിരത്തിനു തൊട്ടടുത്തുള്ള തുറസ്സായ സ്ഥലം ലഭ്യമാക്കണമെന്ന് മധ്യപ്രദേശ് സർക്കാരിനോട് കോടതി നിർദേശിച്ചു. ഇരുവിഭാഗത്തിന്റെയും മതപരമായ ചടങ്ങുകൾ തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ ക്രമീകരണം താൽക്കാലിക സ്വഭാവമുള്ളതും അപ്പീലിലെ അന്തിമ തീരുമാനത്തിന് വിധേയവുമായിരിക്കും.
കോടതിയുടെ അനുമതിയില്ലാതെ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) സമുച്ചയത്തിൽ യാതൊരുവിധ ഘടനാപരമായ മാറ്റങ്ങളും വരുത്തരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തർക്കമന്ദിരമായ ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ മേയ് 15-ലെ വിധിക്കെതിരേയാണ് മുസ്ലിം സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചത്.
“ദയവായി അതീവ ജാഗ്രത പുലർത്തുക. പ്രദേശത്ത് സംഘർഷത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒരു ഉത്തരവും ഞങ്ങൾ പുറപ്പെടുവിക്കില്ല. കേസ് ദിവസേന കേൾക്കാൻ ഞങ്ങൾ തയാറാണ്. വിഷയം അന്തിമമായി പരിഹരിക്കണം. ഇരുവിഭാഗവും ക്ഷമയോടെയിരിക്കണമെന്ന് അഭ്യർഥിക്കുന്നു,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ഭോജ്‌ശാല സമുച്ചയം ഹിന്ദുക്കൾ സരസ്വതി ക്ഷേത്രമായി കണക്കാക്കുമ്പോൾ, മുസ്ലിംകൾ ഇതിനെ കമാൽ മൗല മസ്‌ജിദായിട്ടാണ് കരുതുന്നത്. 2003-ലെ താൽക്കാലിക ക്രമീകരണമനുസരിച്ച്, ഇവിടെ ചൊവ്വാഴ്‌ചകളിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനും വെള്ളിയാഴ്ചകളിൽ മുസ്ലിംകൾക്ക് നമസ്കരിക്കാനും അനുവാദമുണ്ടായിരുന്നു.
































