തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടികളും ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾക്കാണ് ചിഹ്നം അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പരാതികൾ ഒക്ടോബർ 30വരെ കമ്മീഷൻ സെക്രട്ടറിക്ക് രേഖാമുലം സമർപ്പിക്കാം. കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്താവർക്ക് പുതിയതായി ചിഹ്നം വേണമെങ്കിലും ഒക്ടോബർ 30നുള്ളിൽ അപേക്ഷിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. മറ്റ് സംസ്ഥാനങ്ങളിലെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ അംഗീകൃത പാർട്ടികൾക്കും, കേരള അസംബ്ലിയിലോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കുമാണ് അത്തരത്തിൽ അപേക്ഷിക്കാൻ കഴിയുക































