കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങി. ന്യായമായി ലഭിക്കേണ്ട നികുതി വിഹിതമാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനമായിരിക്കണം കേന്ദ്രസർക്കാരിന് ഉണ്ടാകേണ്ടത്. ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതവും ഗ്രാന്‍റും സംസ്ഥാനത്തിനും ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്തിന്‍റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമ്മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്‍റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. കേരളം സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്. പിഎംഎവൈ അർബന്‍റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. പിഎംഎവൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് നൽകാത്തതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.































