കൊല്ലത്തെ തേവലക്കരയിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദേവദാസ് ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുൻപ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ഇതിനിടെ, ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അജിത്ത് ദേവദാസിൻ്റെ കൈയിൽ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് രക്തംവാർന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരുവോണം ബമ്പർ ബിആർ 93 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചത്. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്. പാലക്കാട് വാളയാറിലെ ഡാം റോഡിലുള്ള ലോട്ടറിക്കടയിൽനിന്ന് കോയമ്പത്തൂർ അന്നൂർ സ്വദേശി ഗോകുലം നടരാജൻ വാങ്ങിയ ടിക്കറ്റാണ് സമ്മാനാർഹമായത്. ഇദ്ദേഹം കടയുമായി ബന്ധപ്പെട്ടാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ഇക്കഴിഞ്ഞ 16നാണ് നടരാജൻ വാളയാറിലെ കടയിൽനിന്ന് 10 ടിക്കറ്റുകളെടുത്തത്. ഇവ മറ്റാർക്കെങ്കിലും മറിച്ചുവിറ്റോയെന്ന് കടക്കാർ സംശയിക്കുന്നുണ്ട്.































