അയ്യമ്പുഴ: കാലടി പ്ലാന്റേഷൻ കോർപറേഷൻ 15ാം ബ്ലോക്കിൽ കാട്ടാന ഇറങ്ങി തൊഴിലാളികളുടെ ക്വാർട്ടേഴ്സ് ആക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ഒറ്റയാൻ ഇറങ്ങിയത്. ക്വാർട്ടേഴ്സിന് അകത്തുകയറിയ ആന വീട്ടുസാധനങ്ങളും വാതിലുകളും അടിച്ചുതകർത്തു. ഓണാവധി ആയതിനാൽ ആരും സ്ഥലത്തുണ്ടായിരുന്നില്ല. ഉച്ചത്തിലുള്ള ചിന്നംവിളി കേട്ട സമീപവാസികൾ എത്തി പാട്ടകൊട്ടിയും ഒച്ചവെച്ചുമാണ് കൊമ്പനെ തുരത്തിയത്. ഈ ഭാഗങ്ങളിൽ തുടർച്ചയായി കാട്ടാനകൾ ഇറങ്ങുന്നതിൽ ആശങ്കയുണ്ടെന്നും തടയാൻ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാവണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.































