ജിദ്ദ: ചെങ്കടലിലെ ലോകോത്തര ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രമായ സിന്ദാല ദ്വീപ് സന്ദർശകർക്കു മുന്നിൽ തുറന്നതായി നിയോം ഡയറക്ടർ ബോർഡ് അറിയിച്ചു. സന്ദർശകർക്കു മുന്നിൽ തുറക്കുന്ന നിയോമിലെ ആദ്യ കേന്ദ്രമാണ് സിന്ദാല ദ്വീപ്. സിന്ദാല ദ്വീപ് വികസന പദ്ധതി സൗദി കിരീടാവകാശി 2022 ഡിസംബറിലാണ് പ്രഖ്യാപിച്ചത്. ദ്വീപിന്റെ ഉദ്ഘാടനം സൗദിയിൽ ടൂറിസം മേഖലക്ക് പിന്തുണ നൽകുന്ന പ്രധാന ചുവടുവെപ്പാണ്. 30,000 തൊഴിലാളികളുടെ പങ്കാളിത്തത്തോടെയും നാലു പ്രാദേശിക പങ്കാളികളുമായും 60 സബ് കോൺട്രാക്ടർമാരുമായും സഹകരിച്ചും രണ്ടു വർഷമായി നിയോം നടത്തിയ അശ്രാന്തവും ദ്രുതഗതിയിലുള്ളതുമായ പ്രയത്നങ്ങളുടെ ഫലമായാണ് സിന്ദാല ഉദ്ഘാടനം ചെയ്യത്. വ്യതിരിക്തവും നൂതനവുമായ ലക്ഷ്യസ്ഥാനങ്ങൾ നവീകരിക്കാനും അവ വിജയകരമായി നടപ്പിലാക്കാനുമുള്ള നിയോമിന്റെ കഴിവ് സിന്ദാല ദ്വീപ് ഉദ്ഘാടനം സ്ഥിരീകരിക്കുന്നു.
ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആദ്യ ബാച്ച് സന്ദർശകരെ സിന്ദാല ദ്വീപിൽ സ്വീകരിച്ചു. സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് നിയോം തീരത്തു നിന്ന് അഞ്ചു കിലോമീറ്റർ ദൂരെ ചെങ്കടലിലെ ഹരിതനീലിമ ജലത്തിന് മധ്യേയാണ് സിന്ദാല ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ അദ്വിതീയമായ ഡെസ്റ്റിനേഷൻ 8,40,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഇത് ചെങ്കടലിലേക്കുള്ള നിയോമിന്റെ പ്രവേശന കവാടമായി കണക്കാക്കപ്പെടുന്നു. യൂറോപ്പ്, സൗദി അറേബ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉല്ലാസ നൗകകൾക്കും കപ്പലുകൾക്കും എളുപ്പത്തിലും സുഗമമായും സിന്ദാലയിലെത്താൻ കഴിയും. മധ്യധരണ്യാഴി തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് 17 മണിക്കൂർ യാത്ര ചെയ്തും സിന്ദാലയിൽ എത്താൻ സാധിക്കും.
സാങ്കേതികവിദ്യയും വാസ്തുവിദ്യാ മികവും കൊണ്ട് മെച്ചപ്പെടുത്തിയ നൂതനമായ രൂപകൽപനയും പ്രകൃതി സൗന്ദര്യവും സിന്ദാലയിൽ സമന്വയിക്കുന്നു. മറീനകളുടെയും ഉല്ലാസ നൗകകളുടെയും രൂപകൽപനയിൽ ലോകത്തെ മുൻനിര സ്ഥാപനമായ ലൂക്കാ ഡിനിയാണ് സിന്ദാല വികസന പദ്ധതി രൂപകൽപന ചെയ്തത്. ഒരുകൂട്ടം റെസ്റ്റോറന്റുകളും ഹോട്ടലുകളും അന്താരാഷ്ട്ര സൗകര്യങ്ങളും അതുല്യമായ അനുഭവങ്ങളും സിന്ദാലയിൽ അടങ്ങിയിരിക്കുന്നു. 3,500 ഓളം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന സിന്ദാല പദ്ധതി പ്രദേശത്ത് 2028 ഓടെ പ്രതിദിനം 2,400 സന്ദർശകരെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 440 മുറികൾ, 88 വില്ലകൾ, 218 ഹോട്ടൽ അപാർട്ട്മെന്റുകൾ എന്നിവ നൽകുന്ന മൂന്നു അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ സിന്ദാല സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും വിവിധ ഓപ്ഷനുകൾ ലഭ്യമാക്കുന്നു. ദ്വീപ് സന്ദർശിക്കാനുള്ള ബുക്കിംഗ് വിവരങ്ങൾ നിയോമിന്റെ ടൂറിസം മേഖലാ ചാനലുകൾ വഴി ഉടൻ ലഭ്യമാകും.































