കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ മരണം. സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണി(28) ആണ് മരിച്ചത്. നേർത്ത പ്ലാസ്റ്റിക്ക് കയർ കുടുങ്ങി റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന വളഞ്ഞമ്പലം ബസ്‌റ്റോപ്പിന് സമീപമായിരുന്നു റോഡില്‍ കയർക്കെട്ടിയിരുന്നത്. എന്നാൽ ഇവിടെ അപായ സിഗ്നലുകളോ ബാരിക്കേടുകളൊ ഉണ്ടായിരുന്നില്ലെന്ന് കൂടെയുണ്ടായിരുന്നയാൾ പറയുന്നു. അപകടം നടന്ന സമയത്ത് കയറിനു കുറുകെ പൊലീസ് നില്‍ക്കുന്നുണ്ടായിരുന്നില്ലെന്നും അപകടം നടന്ന സ്ഥലത്ത് സ്ട്രീറ്റ് ലൈറ്റും ഉണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു.
അതേസമയം, തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.































